കാതലിൽ മമ്മൂട്ടിയും ജ്യോതികയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകള്‍ ഇല്ലാതെ പോയതെന്താണ്! മനസ് തുറന്ന് ജിയോ ബേബി
കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടി കാതല്‍ എന്ന സിനിമയിലൂടെ വീണ്ടും തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തമിഴില്‍ നിന്നും നടി ജ്യോതിക മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുന്‍പ് കണ്ടതില്‍ നിന്നും വേറിട്ട പ്രകടനമാണ് കാതല്‍ എന്ന സിനിമയിലൂടെ താരരാജാവ് കാഴ്ച വെച്ചിരിക്കുന്നത്. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായ സംഭവങ്ങളെ പറ്റി മനസ് തുറക്കുകയാണ് സംവിധായകനിപ്പോള്‍. ഈ കഥ തന്നിലേക്ക് വന്നതിനെ പറ്റിയും മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചതടക്കം പല കഥകളും ട്രൂകോപ്പിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജിയോ പങ്കുവെച്ചു.
സിനിമയുടെ കഥ ആദര്‍ശ് പറഞ്ഞപ്പോള്‍ നായകനായി മനസില്‍ തോന്നിയത് മമ്മൂക്കയെ തന്നെയാണ്. അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നോക്കാമെന്നാണ് പറഞ്ഞത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് തോന്നിയാല്‍ അദ്ദേഹമതൊക്കെ ചെയ്യും. മമ്മൂട്ടിയുടെ കരിയര്‍ എടുത്ത് നോക്കിയാല്‍ തന്നെ മനസിലാവും.
ഈ കഥ കേട്ടതിന് ശേഷം എന്റേതായ രീതിയില്‍ പങ്കാളി ബീനയോട് പറഞ്ഞു. എന്റെ ചിന്തകള്‍ പെട്ടെന്ന് മനസിലാവുന്ന ആളാണ് ബീന. ഞാന്‍ പറഞ്ഞ കഥയുടെ രീതി മനസിലായ ബീന നമുക്ക് ഈ സിനിമ ചെയ്താലോ എന്ന് ചോദിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇറങ്ങിയ സമയത്ത് മമ്മൂക്ക എനിക്ക് മെസേജ് അയച്ചിരുന്നു. ചിത്രം ഇഷ്ടപ്പെട്ടു എന്ന് മാത്രമായിരുന്നു അന്നത്തെ മെസേജ്.
പിന്നെ ഈ കഥ വന്നപ്പോള്‍ ഒരു കഥയുണ്ട്, കേള്‍ക്കാന്‍ പറ്റുമോന്ന് ചോദിച്ചു. കേള്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ സമയം എടുക്കുമെന്നായിരുന്നു മറുപടി. സിനിമയുടെ കഥയെ പറ്റി മമ്മൂക്കയോട് പറയുന്നതിനെ പറ്റിയൊന്നും തനിക്ക് കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു. അദ്ദേഹം കഥ കേട്ടതിന് ശേഷം കാര്യങ്ങളൊക്കെ വളരെ വേഗം നടന്നു.
ജ്യോതികയെ പോലെ ഒരാളെ നായികയായി വേണമെന്ന് മമ്മൂക്ക തന്നെയാണ് പറയുന്നത്. മലയാളം പഠിക്കാനും മറ്റുമായിട്ട് ജ്യോതിക ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നടിയുടെ സൗണ്ട് മാത്രമാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. ബാക്കി എല്ലാം സിങ്ക് സൗണ്ടാണ്.
കഥ കൊണ്ട് വരുമ്പോള്‍ തന്നെ കാതല്‍ എന്നാണ് പേരിട്ടത്. ഇതൊന്നും സിനിമയ്ക്ക് പറ്റുന്ന പേരല്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു. പേര് മാറ്റാന്‍ വേണ്ടി നോക്കിയെങ്കിലും അവസാനമായപ്പോഴെക്കും കാതല്‍ എന്നല്ലാതെ നല്ലൊരു പേര് ഈ സിനിമയ്ക്ക് കണ്ടെത്താന്‍ പറ്റാതെ വന്നു.
പോള്‍സണ്‍, ആദര്‍ശ് എന്നിങ്ങനെ രണ്ട് പേര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില സമയത്ത് ഇവര്‍ രണ്ടാളും കഥയുടെ പേരില്‍ വഴക്ക് കൂടും. ഇടയ്ക്ക് ഞാനും ചില സംശയങ്ങളുമായി വരും. അങ്ങനെ വലിയ വഴക്കാണെന്ന് തോന്നുന്ന പല പ്രശ്‌നങ്ങളും ഉണ്ടായി. പക്ഷേ പിന്നീട് അവര്‍ കാണുന്ന രീതിയില്‍ ഞാനും ആ കഥ കണ്ട് തുടങ്ങി. ഞങ്ങളുടെ കൂടെ മമ്മൂക്കയും കൂടെ ചേര്‍ന്നതോടെ അതൊരു ഭയങ്കര രസമായി മാറിയെന്ന് ജിയോ ബേബി പറയുന്നു.
വ്യത്യസ്തമായ പ്രണയത്തെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നതെങ്കിലും ഒരു ഇന്റ്റിമേറ്റ് സീൻ പോലും സംവിധായകൻ ഉൾപ്പെടുത്തിയിട്ടില്ല. അത് മനപ്പൂർവം വേണ്ടെന്ന് വെച്ചതാണെന്ന് ജിയോ ബേബി പറഞ്ഞു. പരസ്‌പരം കാണാതെ വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേ എന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.
അത് മനപ്പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെന്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്തു. എനിക്ക് എന്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.