അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും,ശങ്കരപാണ്ഡ്യ മേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം
ഇടുക്കി : അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്. ഇപ്പോൾ കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം.
കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക. ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും.
ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം.
വെള്ളിയാഴ്ച പുലർച്ചെ 4.30- ഓടെ അരിക്കൊമ്പനെ പൂട്ടാനായി മിഷൻ ആരംഭിച്ചെങ്കിലും കൊമ്പനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ ആനക്കൂട്ടത്തെ കണ്ടെത്തിയിരുന്നെങ്കിലും അതിലുണ്ടായിരുന്നത് ചക്കക്കൊമ്പനായിരുന്നു. ഒടുവിൽ ദൗത്യം അവസാനിച്ച് മണിക്കൂറുകൾക്കു ശേഷമാണ് അരിക്കൊമ്പൻ ഉള്ള സ്ഥലം തിരിച്ചറിയാനായത്. കഴിഞ്ഞ തവണ ദൗത്യം പ്രഖ്യാപിച്ചപ്പോഴും അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട് മേഖലയിലേക്ക് പോയിരുന്നു.
ശങ്കരപാണ്ഡ്യമേട്ടിൽ വെച്ച് മയക്കുവെടിവെക്കുക എന്നത് അസാധ്യമാണ്. അതിനാൽ തന്നെ ദൗത്യമേഖലയിലേക്ക് ആനയെ എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്. സാധാരണഗതിയിൽ ശങ്കരപാണ്ഡ്യമേട്ടിലേക്കു കയറിയാൽ രണ്ടാഴ്ചയോളം അവിടെ ചെലവഴിക്കുകയാണ് അരിക്കൊമ്പൻറെ ശീലമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. അതിനാൽ തന്നെ അരിക്കൊമ്പനെ 301 കോളനിയിലെത്തിക്കുക എന്ന കടമ്പ വനംവകുപ്പിന് ദുഷ്കരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള സാറ്റലൈറ്റ് കോളർ ബേസ് ക്യാമ്പിൽ തിരിച്ചെത്തിച്ചിരുന്നു. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ പിന്നീടാണ് കാഴ്ചയിൽ നിന്ന് മറഞ്ഞത്. കൂടെ ഉണ്ടായിരുന്ന ആനക്കൂട്ടത്തെ പെരിയകനാലിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഇതിൽ അരിക്കൊമ്പനെ മാത്രം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ച വിവരങ്ങളും പുറത്തുവന്നു.
സിമന്റുപാലം മേഖലയിൽവെച്ച് മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം. അതേസമയം, ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോടതി നിർദേശപ്രകാരം രഹസ്യമായാണ് നടപടികൾ.