KeralaNews

ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവം; കരാറുകാരനെതിരെ കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയുമായി മന്ത്രി റിയാസ്

കൊച്ചി: തൃപ്പൂണിത്തുറയിൽ ഇന്നലെ പുലർച്ചെ നടന്ന ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി. എറണാകുളം ജില്ലാ പാലം വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയ്ക്ക് ഉത്തരവിട്ടത്. സംഭവത്തിൽ ഇവർക്കെതിരെ കേസെടുക്കാനും മന്ത്രി നിർദേശിച്ചു. പാലം നിർമിക്കുന്ന കരാറുകാരന് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെയള്ള നടപടി.

സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രാവിലെ പ്രതികരിച്ചിരുന്നു. യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും പണി നടക്കുന്ന സ്ഥലങ്ങളിൽ അപകട സൂചനകൾ നൽകേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയോടും മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണത്തിലിരുന്ന പാലത്തിൽ ബൈക്കിടിച്ചാണ് വിഷ്ണു എന്ന യുവാവ് മരിച്ചത്. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥകൊണ്ടാണ് തന്റെ മകൻ മരിച്ചതെന്നാണ് വിഷ്ണുവിന്റെ പിതാവിന്റെ പരാതി.

മാർക്കറ്റ് പുതിയകാവ് റോഡിൽ അന്ധകാരത്തോടിന് കുറുകേ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലത്തിന്റെ പണി മാസങ്ങളായി ഇഴയുകയാണ്. പാലം വേഗം പൂർത്തിയാക്കുമെന്ന് പല തവണ അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പുകളെല്ലാം വെള്ളത്തിൽ വരച്ച വര പോലെ ഒഴുകിപ്പോവുകയായിരുന്നു.

നിർമാണം തുടങ്ങിയ കാലം തൊട്ട് ഈ ആക്ഷേപമുള്ളതാണ്. എന്നാൽ ഒരു മാറ്റവും വന്നില്ല. രണ്ട് കരകളും ഇതുവരെ തമ്മിൽ മുട്ടിയിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്ന റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഈ പരിഷ്കരണം നടന്നുകൊണ്ടേയിരിക്കുന്നത്. പഴയ കലുങ്ക് പൊളിച്ചപ്പോൾ മുതൽ ഈ ഭാഗത്തെ ഗതാഗതം ഇല്ലാതായതാണ്.

പുതിയകാവ് ഭാഗത്ത് നിന്ന് ബൈക്കിൽ വരികയായിരുന്ന എരൂർ സ്വദേശികളായ ആദർശ്, വിഷ്ണു എന്നീ യുവാക്കളാണ് അപകടത്തിൽപെട്ടത്. പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ വിഷ്ണു മരിച്ചു. പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയിൽ സുരക്ഷ ഇല്ലാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ട് ടാർ വീപ്പകൾ മാത്രമാണ് റോഡിൽ വച്ചിട്ടുള്ളത്. പൊലീസ് സ്റ്റേഷന് സമീപത്താണ് ഇത്തരമൊരു സംഭവം നടന്നത്.

റോഡിനും പാലത്തിനും ഇടയിൽ ആഴത്തിലുള്ള കുഴിയാണ്. പുലർച്ചെ ആയതിനാൽ ഇത് അറിയാതെ വന്നതാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ പണിയിൽ അധികൃതർക്കാണ് പ്രധാനമായി വീഴ്ച പറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker