25.4 C
Kottayam
Friday, May 17, 2024

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ സംഭവം; രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിദ്ധ്യം

Must read

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ളിക് ലാബിൽ അയച്ച് പരിശോധിച്ചതിലാണ് രണ്ട് കുട്ടികളിൽ നോറോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിഴിഞ്ഞത്ത് ഇന്ന് അഞ്ച് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്നുണ്ടായതല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൊട്ടാരക്കര അംഗൻവാടിയിൽ ഭക്ഷ്യവിഷബാധയുണ്ടായതിന്റെ കാരണവും കണ്ടെത്താനായിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യസാമ്പിളുകളുടെ ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അധികൃതർ. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ നടത്തിയ പരിശോധനയിൽ 35 കിലോ അരിയിൽ പുഴുവും ചെള്ളും കണ്ടെത്തിയിരുന്നു.

പരിശോധനാഫലം ലഭിച്ചാൽ മാത്രമേ കായംകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധയുടെ ഉറവിടം സ്ഥിരീകരിക്കാനാവൂ. ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച നടത്തും.സ്കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുൻപായി പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

എന്താണ് നോറോ വൈറസ്?

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറസാണ് നോറോ. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും നോറോ വൈറസ് രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തുവരുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യുന്നു. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുമ്പോൾ വൈറസ് ശരീരത്തിൽ വ്യാപിക്കുന്നു.

ലക്ഷണങ്ങൾ

നോറോ വൈറസ് ബാധിതരിൽ വയറിന്റെയും കുടലിന്റെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും. വയറിളക്കം, വയറുവേദന, ഛർദ്ദി,പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week