26.5 C
Kottayam
Tuesday, May 14, 2024

ആര്‍ത്തവമുള്ള സ്ത്രീകള്‍ ചേര്‍ന്ന് ഭക്ഷണം പാകം ചെയ്തു! കഴിക്കാനെത്തിയത് നിരവധി പ്രമുഖര്‍; ആര്‍ത്തവ പരിശോധയ്‌ക്കെതിരെ വേറിട്ട പ്രതിഷേധം

Must read

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ആര്‍ത്തവം ഉണ്ടോയെന്ന് കണ്ടെത്താന്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ മയൂര്‍ വിഹാറില്‍ സംഘടിപ്പിച്ച വേറിട്ട പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ത്തവമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്തായിരിന്നു പ്രതിഷേധം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിന്‍ അടക്കം നിരവധി പേര്‍ പേര്‍ പരിപാടിക്ക് പിന്തുണയുമായി എത്തി.

ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായയായി ജനിക്കുമെന്ന് ഗുജറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് ആര്‍ത്തവ പരിശോധനയെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആര്‍ത്തവത്തിന്റെ പേരില്‍ വിവാദ സംഭവം അരങ്ങേറിയത്. ഒരു ക്ഷേത്രത്തിനു സമീപത്താണ് കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. കോളേജിലെ 68 വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാള്‍ ശുചിമുറിയില്‍ കൊണ്ടുപോയി ആര്‍ത്തവം ഉണ്ടോയെന്ന് അറിയാനായി അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് പരിശോധനയ്ക്ക് വിധേയരാക്കുകയായിരിന്നു. മറ്റ് അധ്യാപകരും പരിശോധനയില്‍ പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week