NationalNews

രാജ്യസുരക്ഷയ്ക്ക് ഭീഷണി,എൽടിടിഇ നിരോധനം 5 വർഷത്തേക്ക് നീട്ടി കേന്ദ്രം; നടപടി യുഎപിഎ നിയമപ്രകാരം

ന്യൂഡൽഹി: രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന് (എൽടിടിഇ) ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. ജനങ്ങൾക്കിടയിൽ വിഘടനവാദ പ്രവണത വളർത്തുന്നതും ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ പിന്തുണ വർദ്ധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയത്.

1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 3ലെ ഉപവകുപ്പുകൾ (1), (3) എന്നിവ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും കോട്ടംതട്ടുന്ന പ്രവർത്തനങ്ങളിലാണ് എൽടിടിഇ ഇപ്പോഴും ഏർപ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.

2009 മെയിൽ ശ്രീലങ്കയിൽ നേരിട്ട സൈനിക തോൽവിക്ക് ശേഷവും എൽടിടിഇ ‘ഈഴം’ (തമിഴർക്ക് ഒരു സ്വതന്ത്ര രാജ്യം) എന്ന സങ്കൽപ്പം ഉപേക്ഷിച്ചിട്ടില്ലെന്നും ധനസമാഹാരണവും നടത്തി ‘ഈഴം’ ലക്ഷ്യത്തിനായി രഹസ്യമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

പ്രവർത്തകരെ പുനഃസംഘടിപ്പിക്കാനും പ്രാദേശികമായും അന്തർദേശീയമായും സംഘടനയെ പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് എൽടിടിഇ നേതാക്കളോ കേഡർമാരോ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

2021ൽ ലക്ഷദ്വീപിന് സമീപത്ത് വച്ച് ആയുധങ്ങളും മയക്കുമരുന്നുമായി ബോട്ട് പിടിച്ചെടുത്ത സംഭവത്തിൽ എൽടിടിഇ അംഗത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ എൽടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button