പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിച്ചില്ല; ഡി.എം.കെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി

ചെന്നൈ: പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി. ഡി.എം.കെ. വക്താവ് തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാള്‍. വലിയ ആഘോഷം നടത്തണമെന്നായിരുന്നു നാദിയയുടെ ആവശ്യമെങ്കിലും പ്രസന്ന അത് നിഷേധിക്കുകയായിരുന്നു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷം വേണ്ടെന്നായിരുന്നു പ്രസന്നയുടെ നിലപാട്. അടുത്ത വര്‍ഷം വലിയ രീതിയില്‍ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിച്ചില്ല.

തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി നാദിയ വാതിലടച്ചു. ചൊവ്വാഴ്ച രാവിലെയായിട്ടും നാദിയയെ പുറത്തേക്ക് കണ്ടില്ല. ഇതോടെ വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നാദിയയുടെ അച്ഛന്‍ രവിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കൊടുങ്ങയ്യൂര്‍ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു. പ്രസന്ന പറഞ്ഞത് തന്നെയാണോ മരണ കാരണം എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രസന്ന പറയുന്ന കാരണം നുണയാണെന്നാണ് നാദിയയുടെ അച്ഛന്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News