മുഹൂര്‍ത്ത സമയം വരനെ തിരക്കി കാമുകി മണ്ഡപത്തില്‍; പന്തിയല്ലെന്ന് മനസിലാക്കി പെട്ടെന്ന് താലികെട്ട് വധുവുമായി വരന്‍ സ്ഥലം വിട്ടു! സംഭവം തിരുവനന്തപുരത്ത്
നെയ്യാറ്റിന്‍കര: വിവാഹ മുഹൂര്‍ത്ത സമയത്ത് വരനെ തിരക്കി ആദ്യ കാമുകി വിവാഹ മണ്ഡപത്തിലെത്തി. ഉടന്‍ തന്നെ വധുവിനെ താലി ചാര്‍ത്തി വരന്‍ കാറില്‍ കയറി സ്ഥലം വിട്ടു. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലുള്ളതായിരുന്നു വിവാഹം. വധുവിന് താലി ചാര്‍ത്തുന്നതിനിടെയാണ് മുന്‍ കാമുകി മണ്ഡപത്തിലെത്തിയത്. വരന്‍ തന്നെ വിവാഹം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ പരിചയമേ ഉള്ളൂ എന്നും വിവാഹം കഴിച്ചിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി.
ഇതിനിടെ വിവാഹ മണ്ഡപത്തില്‍ നേരിയ വാക്കു തര്‍ക്കങ്ങളുണ്ടായി. പെണ്‍വീട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ച് വിവാഹ വേദി വിട്ട് ഇറങ്ങിപ്പോയി. ഇതിനിടെ വരന്റെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വിവാഹം കഴിച്ചതിന് മതിയായ രേഖകളൊന്നും പെണ്‍കുട്ടിയുടെ കൈവശമില്ലായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പിലാക്കി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വരന്‍ പെട്ടെന്ന് തന്നെ മിന്നുകെട്ടി വധുവിനേയും കാറില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു.