രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ പാര്‍ലമെന്റില്‍ കൈയ്യേറ്റം
ന്യൂഡല്‍ഹി: മഹാരാഷ്ട്ര പ്രതിഷേധത്തിനിടെ രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ പാര്‍ലമെന്റില്‍ കയ്യേറ്റം. മഹാരാഷ്ട്ര പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ മാര്‍ഷല്‍മാരെ നിയോഗിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രമ്യ ഹരിദാസിനെ ലോക്സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റി. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് എം.പി ജ്യോതി മണിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.
തങ്ങളുടെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തു. ഇത്തരത്തിലൊരു നടപടി ആദ്യമായിട്ടാണ്. സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നത് കാത്തിരിക്കുകയാണെന്നും രഞ്ജന്‍ ചൗധരി പറഞ്ഞു.സംഭവത്തില്‍ സ്പീക്കറുമായി സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തി. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.