26.7 C
Kottayam
Tuesday, April 30, 2024

ബസ്തറിൽ മാവോയിസ്റ്റുകൾക്കെതിരെ മിന്നൽ ആക്രമണവുമായി സൈന്യം, പ്രകോപനമില്ലാതെ ബോംബ് വർഷിച്ചെന്ന് മാവോയിസ്റ്റ് സിപിഐ

Must read

ബസ്തർ : പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഛത്തിസ്ഗഢിലെ നക്സലുകൾക്ക് കനത്ത തിരിച്ചടിയേകി സുരക്ഷാ സേന. ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് കേന്ദ്രമായ ബസ്തറിലാണ് സുരക്ഷാ സേന മിന്നലാക്രമണം നടത്തിയത്. ഓപ്പറേഷനിൽ 29 മാവോയിസ്റ്റുകളെ സേന കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടൽ. രാജ്യത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കുന്ന പ്രദേശം കൂടിയാണ് ബസ്തർ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബസ്തർ ജില്ലയിൽ മാത്രം 60000 പേരെ സേന നിയോഗിച്ചിട്ടുണ്ട്.

രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് സേന ഈ പ്രദേശത്ത് ഇന്നലെ തിരച്ചിൽ നടത്തിയത്. തിരച്ചിൽ നടത്തുന്നതിനിടെ സിപിഐ മാവോയിസ്റ്റ് അംഗങ്ങൾ സേനയ്ക്ക് നേരെ വെടിയുതിർത്തുവെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. തുടർന്ന് ബി എസ് എഫിന്റെയും സ്റ്റേറ്റ് റിസർവ് ഗാർഡിന്റെയും നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവർ നക്സൽ നേതാവ് ശങ്കർ റാവുവുമുണ്ടായിരുന്നു. നേരത്തെ കേന്ദ്രസർക്കാർ ശങ്കർ റാവുവിന്റെ തലയ്ക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കും പരിക്കേറ്റതായും അപകട നില തരണം ചെയ്ത ഇവരെ വിദഗ്ധ ചികിത്സയ്ക്ക് എയർലിഫ്റ്റ് ചെയ്തതായും ബസ്തർ ഐ ജി പി സുന്ദരാജ് പറഞ്ഞു. മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷൻ ആണെന്നും പൂർണ്ണ രീതിയിൽ വിജയമായിരുന്നുവെന്നും സുന്ദരാജ് പറഞ്ഞു.

ഓപ്പറേഷന് പിന്നാലെ സൈന്യത്തെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. ഛത്തിസ്ഗഢിനെയും രാജ്യത്തെയും ഉടൻ മാവോയിസ്റ്റ് മുക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഈ വർഷം ഇത് വരെ ബസ്തറിൽ മാത്രം 79 മാവോയിസ്റ്റുകളെ സേന വധിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഓപ്പറേഷനിലടക്കം വൻ ആയുധ ശേഖരവും സേന കണ്ടെടുത്തതായാണ് സേനയുടെ വാദം.

എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ സേന ബോംബ് വർഷിക്കുകയായിരുന്നെനും നിരവധി ആദിവാസികളും മൃഗങ്ങളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും മാവോയിസ്റ്റ് സിപിഐ സംഘടന ആരോപിച്ചു. എന്നാൽ പ്രദേശത്ത് ഓപറേഷൻ തുടരുമെന്നും വരും ദിവസം കൂടുതൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week