28.4 C
Kottayam
Tuesday, April 30, 2024

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ: കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

Must read

കൊച്ചി: ‌‌ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. ഏതാനും സർവീസുകൾ വൈകിയിട്ടുമുണ്ട്.

യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. സ്കൂൾപഠനം ഓൺലൈനാക്കിയിരിക്കുകയാണ്.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയിൽ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 10 പേർ സ്കൂൾവിദ്യാർഥികളാണ്.

ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. ഇതുവരെയുള്ള നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് വിവരം. യു.എ.ഇ.യിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. ഒട്ടേറെ റോഡുകൾ തകർന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി. താമസസ്ഥലങ്ങളും വെള്ളത്തിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week