28.9 C
Kottayam
Friday, May 17, 2024

ബാബാ രാം ദേവിന് തിരിച്ചടി; പതിനാല് പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ

Must read

ഡെറാഡൂൺ: ബാബ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ, ദിവ്യ ഫാർമസി എന്നിവയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡ് സർക്കാർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സുപ്രീം കോടതിയെ അറിയിച്ചു. പതഞ്ജലിയുടെ തെറ്റായ പരസ്യങ്ങൾക്ക് എതിരെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം.

സുപ്രീം കോടതിയുടെ ഏതെങ്കിലും ഉത്തരവുകൾ ലംഘിക്കുന്ന ബോധപൂർവമോ മനഃപൂർവമോ ആയ ഒരു പ്രവൃത്തിയും ചെയ്യില്ലെന്ന് നേരത്തെ പതഞ്ജലി ആയുർവേദ, ദിവ്യ ഫാർമസി കമ്പനികൾ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിക്ക് (എസ്എൽഎ) സത്യാവാങ്മൂലം നൽകിയിരുന്നു. സുപ്രീം കോടതിയിലും സമാനമായ രീതിയിൽ ക്ഷമാപണം നടത്തിയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.

1945ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് റൂൾ 159(1) പ്രകാരം, പ്രത്യേകിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട്, ആവർത്തിച്ചുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് സസ്പെൻഷൻ എന്നാണ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി കമ്പനിയെ അറിയിച്ചത്.

ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വതി എക്‌സ്‌ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാഷിനി വാതി എക്‌സ്‌ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവയും നിരോധിച്ച ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

അതെ സമയം രാംദേവും സഹപ്രവർത്തകൻ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട കേസ് ഏപ്രിൽ 30ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇരുവരും ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്നാണ് സൂചന. ഏപ്രിൽ 23ന് നടന്ന അവസാന വാദത്തിനിടെ, പത്രങ്ങളിൽ മാപ്പപേക്ഷ ‘പ്രധാനമായി’ പ്രദർശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു.

പതഞ്ജലി പത്രങ്ങളിൽ നൽകിയ മാപ്പപേക്ഷയുടെ വലുപ്പം അതിൻ്റെ ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യത്തിന് സമാനമാണോയെന്നും കോടതി ചോദിച്ചിരുന്നു. കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്നും 67 പത്രങ്ങളിൽ മാപ്പ് പറഞ്ഞതായും പതഞ്ജലി കോടതിക്ക് മറുപടി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week