കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാളുടെ പരിശോധനാ ഫലം പുറത്ത്
കോഴിക്കോട്: ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തി അഴിയൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ വൈകിട്ട് തലശേരി സഹകരണ ആശുപത്രിയില്‍വച്ചാണ് 62 കാരന്‍ മരിച്ചത്.
ഷാര്‍ജയില്‍ നിന്ന് ഭാര്യക്കൊപ്പം ഈ മാസം 17നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു. ആദ്യം മാഹി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.
കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കള്‍ ആദ്യം ആശുപത്രിയില്‍ അറിയിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണം സംഭവിച്ചതോടെ സ്രവ പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.