11 വര്‍ഷത്തെ ആത്മബന്ധം: വിടപറഞ്ഞ വളര്‍ത്തുനായയ്ക്കായി ക്ഷേത്രം പണിത് ഉടമ
ചെന്നൈ: രാഷ്ട്രീയ നേതാക്കളോടും നടീനടന്മാരോടും ആരാധന അതിരുകടക്കുമ്പോള്‍ തമിഴ്നാട്ടുകാര്‍ അവരുടെ പേരുകളില്‍ ക്ഷേത്രം നിര്‍മ്മിക്കാറുണ്ട്. അതുപോലെ വളര്‍ത്തുനായയ്ക്കും ക്ഷേത്രം പണിതിരിക്കുകയാണ് 82കാരന്‍ മുത്തു.
ശിവഗംഗ ജില്ലയിലെ മാനാമധുരയ്ക്കടുത്ത് ബ്രാഹ്‌മണക്കുറിച്ചിയിലാണ് ടോം എന്ന നായയുടെ പേരില്‍ ക്ഷേത്രം പണിതിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മുത്തു സന്തതസഹചാരിയായിരുന്ന വളര്‍ത്തുനായ മരിച്ചപ്പോള്‍ ക്ഷേത്രം പണിതത്.
മുത്തുവിന്റെ അനന്തരവന്‍ അരുണ്‍കുമാറാണ് 11 വര്‍ഷം മുമ്പ് ടോം എന്ന ലാബ്രഡോറിനെ വാങ്ങിയത്. ആറു മാസം കഴിഞ്ഞപ്പോള്‍ അത് അമ്മാവന് കൈമാറി. മുത്തുവും ടോമും തമ്മില്‍ വിട്ടുപിരിയാനാവാത്ത ബന്ധം രൂപപ്പെട്ടു. ഒരു വര്‍ഷം മുമ്പ് ടോം മരിച്ചപ്പോള്‍ മുത്തുവിന് സങ്കടം അടക്കാനായില്ല. അങ്ങനെയാണ് 80,000 രൂപ ചെലവിട്ട് നായയുടെ മാര്‍ബിള്‍ പ്രതിമ പണിതത്.
കൃഷിയിടത്തില്‍ ക്ഷേത്രം പണിത് അതിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. വിശേഷ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തില്‍ പൂജ നടക്കും. ടോമിന് പ്രിയപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ നിവേദിക്കുകയും ചെയ്യും.