28.2 C
Kottayam
Saturday, April 20, 2024

സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകൾ മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

Must read

കൊല്ലം: സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകൾ മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലം ഓടാനവട്ടത്താണ് സംഭവം. കേസിൽ വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകൾ ഉറപ്പായ ശേഷം മുടങ്ങിയിരുന്നു. പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തുകയും വീടിന്റെ ജനൽ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിനെക്കുറിച്ച് പൂയപ്പള്ളി പോലീസ് പറയുന്നത്:

ബി.ടെക്. പഠനകാലത്ത് അരുണും പെൺകുട്ടിയും സഹപാഠികളായിരുന്നു. ഇരുവരും തമ്മിൽ സൗഹൃദവുമുണ്ടായിരുന്നു. എന്നാൽ അരുണിന്റെ ഉപദ്രവം സഹിക്ക വയ്യാതെ പെൺകുട്ടി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇതിനിടെ അരുൺ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി അത് സ്വീകരിച്ചില്ല. തുടർന്ന് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. വിവാഹനിശ്ചയം നടക്കുകയും ചെയ്തു. ഇതറിഞ്ഞ അരുൺ മാരകായുധങ്ങളുമായി വീട്ടിലെത്തി ജനൽ അടിച്ച് തകർക്കുകയും പെൺകുട്ടിയുടെ അച്ഛനെ മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകാതെ സംസാരിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു.

എന്നാൽ, യുവതിയെ തനിക്ക് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അരുൺ പിന്നീട് ചെയ്തത് വിവാഹാലോചനകൾ മുടക്കുകയെന്നതായിരുന്നു. ആദ്യം വിവാഹം നിശ്ചയിച്ചയാളുടെ വീട്ടിലെത്തി താൻ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ വിവാഹം മുടങ്ങി. പിന്നീട് പെൺകുട്ടിക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും ഇത് നടത്താനുള്ള തീയതി തീരുമാനിക്കുകയും ചെയ്തു.

ഈ വിവാഹം നിശ്ചയിച്ച യുവാവിന്റെ അടുത്തെത്തിയും അരുൺ വിവാഹത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കൈവശം യുവതിയുമൊത്തുള്ള ചിത്രങ്ങളുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിയുയർത്തി. വിവാഹം നിശ്ചയിച്ച യുവാവ് ഇക്കാര്യം യുവതിയുടെ വീട്ടിൽ അറിയിക്കുകയും പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. മറ്റൊരു വിവാഹം കഴിച്ചാൽ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി വെട്ടുകത്തിയുമായിട്ടാണ് നടന്നിരുന്നതെന്നും പൂയപ്പള്ളി എസ്.എച്ച്.ഒ. രാജേഷ് പറയുന്നു. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെല്ലാം പ്രതി സമ്മതിച്ചതായും പോലീസ് പറയുന്നു.

അരുണിന്റെ ഭീഷണിയെ തുടർന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പെഴുതിവെച്ച ശേഷം വീട് വിട്ട് പോകാൻ തീരുമാനിച്ചു. ഇത് വീട്ടുകാർ കൃത്യസമയത്ത് കണ്ടെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പുമായിട്ടാണ് വീട്ടുകാർ പോലീസിൽ പരാതി നൽകാൻ എത്തിയത്. വിവാഹം നിശ്ചയിച്ച യുവാവും ഇവർക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ചതിനും കേസെടുത്താണ് പ്രതിയെ റിമാൻഡ് ചെയ്തത്. അരുണുമായി സൗഹൃദത്തിലായിരുന്ന കാലത്ത് യുവതി മറ്റൊരാളുമായി സംസാരിച്ചാൽ പോലും ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week