പോർഷെയിൽ പറക്കാൻ മമ്ത; കരേര എസ് സ്വന്തമാക്കി താരം

കൊച്ചി:വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും വലിയ പാഷനുള്ളയാളാണ് നടി മമ്ത മോഹൻദാസ്.താരം തന്നെ ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവ് ചെയ്യുന്ന വിഡിയോകൾ
താരം സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്പോൾ അത് ആരാധകർ
ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ മമ്തയിലെ വാഹനപ്രേമി പുതുപുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ്.

കാറെന്നാൽ ചില്ലറ കാറല്ല. ഒരു അസ്സൽ സ്പോട്സ് കാർ തന്നെ. ജർമൻ ആഡംബര കാർ നിർമാതാക്കളായ പോർഷെയുടെ സ്പോർട്സ് കാർ 911
കരേര എസ് ആണ് മമ്ത വാങ്ങിച്ചിരിക്കുന്നത്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് 1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേര താരം വാങ്ങിച്ചത്. പുത്തൻ കാറിനൊപ്പമുള്ള താരത്തിന്‍റെ ഫോട്ടോയും ചർച്ചയായിരിക്കുകയാണ്. പോർഷെ ആണോ മമ്തയാണോ കൂടുതൽ
സുന്ദരിയെന്നേ സംശയമുള്ളൂ എന്നാണ് ഒരാൾ കുറിച്ചത്.

ഒരു പക്ഷേ സ്പോട്സ് കാർ സ്വന്തമാക്കുന്ന ആദ്യ മലയാള നടിയാവും മമ്ത മോഹൻദാസ്. കഴിഞ്ഞ വർഷം
താരദന്പതികളായ ഫഹദ് ഫാസിലും നസ്റിയയും ഇതേ കാർ സ്വന്തമാക്കിയിരുന്നു. നിരവധി കസ്റ്റമൈസേഷൻ
ഓഫറുകൾ പോർഷേ തങ്ങളുടെ സ്പോട്സ് കാറുകൾക്കായി ഒരുക്കിയിട്ടുണ്ട്. ഇതിലേതൊക്കയാണ്
മമ്ത തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. മൂന്നു ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിൻ
ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തും 530 എൻഎം ടോർക്കുമുണ്ട്. 308 കിലോമീറ്റർ ആണ് കാറിന്‍റെ ഉയർന്ന വേഗം. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.7 സെക്കന്‍റ് മാത്രം മതി.

മുൻപ് ഹാർലി ഡേവിസൺ ബൈക്ക് ഓടിക്കുന്ന വീഡിയോയും താരം പങ്കുവച്ചിരുന്നു. സിനിമയിൽ എത്തുന്നതിന്
മുൻപേ ബെംഗളൂരുവിലൂടെ ബൈക്കിൽ കറങ്ങിയ ഓർമകളാണ് അന്ന് മമ്ത കുറിച്ചത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹാർലി ഡേവിഡ്സൺ സ്പോട്സ്റ്റർ ആണ് താരം ഓടിക്കാനായി തെരഞ്ഞടുത്തത്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ നിരത്തുകളിലൂടെ ചീറിപ്പായാൻ പോർഷേയും സ്വന്തമാക്കിയിരിക്കുന്നത്.

2005ൽ മയൂഖം എന്ന സിനിമയിലൂടെയാണ് മമ്ത മോഹൻദാസ് അഭിനയരംഗത്തേക്ക് എത്തുന്നത്.പിന്നീട് മുൻനിരതാരങ്ങളുടെ നായികയായി തിളങ്ങി..മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും സജീവമായി.കഴിഞ്ഞ 15 വർഷമായി സിനിമാമേഖലയിൽ സജീവമായ മമ്ത അടുത്തിടെ നിർമാണ രംഗത്തേക്കും
തിരിഞ്ഞിരുന്നു.രണ്ട് തവണ അർബുദത്തെ അതിജീവിച്ച താരം സാമൂഹിക സേവന രംഗത്തും ബോധവത്കരണത്തിലും
സജീവമാണ്.