മാസ് ത്രില്ലർ, ബസൂക്കയുമായി മമ്മൂട്ടി
കൊച്ചി:സിനിമകളുടെ തെരഞ്ഞെടുപ്പുകൾ കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി (Mammootty) ആരാധകരേയും സിനിമ പ്രേക്ഷകരേയും ഞെട്ടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോൾ ഒരു തരത്തിലും പ്രേക്ഷകന് പിടികൊടുക്കാത്തവിധം അദ്ദേഹത്തിന്റെ സിനിമ തെരഞ്ഞെടുപ്പുകൾ മാറിക്കഴിഞ്ഞു. ഈ അടുത്തകാലത്തായി മമ്മൂട്ടിയുടേതായി പുറത്തുവന്ന സിനിമകളെല്ലാം ഈ പറഞ്ഞതിനെ സാധൂകരിക്കുന്നതുമാണ്. അടുത്തിടെയായി ത്രില്ലർ ചിത്രങ്ങളിലേക്ക് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ എന്നാണിപ്പോൾ പ്രേക്ഷകരുടെ സംശയം.
ഇപ്പോഴിത മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ബസൂക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലറായാണ് ഒരുങ്ങുന്നത്. സ്റ്റൈലിഷ് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡീനോ ഡെന്നീസ് (Deeno Dennis) ആണ്. തമിഴ് ചലച്ചിത്ര നിർമ്മാതാവും നടനുമായ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ. ബസൂക്കയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും ഡിനോ തന്നെയാണ്. മമ്മൂക്കയുടെ മുഖം കാണിക്കാത്ത പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
കറുത്ത നിറത്തിലെ വസ്ത്രം ധരിച്ച് ചുറ്റും തോക്ക് ചൂണ്ടിയ ആളുകൾക്ക് നടുവിൽ പുറംതിരിഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയേയാണ് പോസ്റ്ററിൽ കാണാനാവുക. എതിരാളികൾക്ക് മുന്നിൽ പതറാതെ ശാന്തനായി നിൽക്കുന്ന മമ്മൂക്കയാണ് പോസ്റ്ററിലുള്ളത്. ഹെഡ്ലൈറ്റുകൾ കത്തിച്ചിട്ടിരിക്കുന്ന കാറുകളും ഹോട്ടലിന്റെ ബോർഡും പോസ്റ്ററിൽ കാണാം. ഇരുണ്ട ബാക്ക്ഗ്രൗണ്ടിലാണ് പോസ്റ്ററെത്തിയിരിക്കുന്നത്. എന്തായാലും ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ഇത് മലയാളികളുടെ ജോൺ വിക്ക്, ഒരു ഹോളിവുഡ് ടച്ച് ഉണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകൾ.
പുഴു, റോഷാക്ക്, ക്രിസ്റ്റഫർ തുടങ്ങിയ ത്രില്ലറുകൾക്ക് ശേഷം മമ്മൂട്ടിയെത്തുന്ന ത്രില്ലർ ചിത്രമാണ് ബസൂക്ക. മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബസൂക്ക ഒരു മാസ് ത്രില്ലർ ആയിരിക്കുമെന്ന് സംവിധായകൻ ഡീനോ പറഞ്ഞിരുന്നു.
മമ്മൂട്ടി തന്നെയാണ് ചിത്രത്തിന് ഏറ്റവും യോജിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായിട്ട് ഞാൻ ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കുകയാണ്. ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യൻ മമ്മൂക്കയാണെന്ന് എനിക്ക് തോന്നി.
അദ്ദേഹത്തിനെ കാണാൻ അവസരം ലഭിച്ചപ്പോൾ തന്നെ സീനുകളെല്ലാം പൂർണമായും ഓർഡറിലാക്കിയായിരുന്നു അദ്ദേഹത്തോട് കഥ പറഞ്ഞത്. കഥ കേട്ടയുടനെ അദ്ദേഹം അതിൽ ആവേശഭരിതനായി എന്ന് ഡീനോ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ബസൂക്കയുടെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ പുരോഗമിക്കുന്ന ചിത്രം.