ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. ജങ്കാർ യാത്രക്കിടെ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
പുഴയിലേക്ക് ചാടുകയായിരുന്നു എന്ന വിവരവും വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിൻസന്റ് മൂന്നുപേർക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്. ശനിയാഴ്ച രാവിലെ 11ന് റയിൽവേ സ്റ്റേഷനിൽ എത്തി. പിന്നീട് ജങ്കാറിൽ പണിസ്ഥലത്തേക്ക് പോകുന്നതിനിടെ നദിയിൽ വീണെന്നാണ് വിവരം. വിൻസന്റിനെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകി.