KeralaNews

മെയിൽ ‘ഡോൺ ബോസ്ക്കോ’യിൽ നിന്ന്, സന്ദേശം മരണാനന്തര ജീവിതത്തെക്കുറിച്ച്

തിരുവനന്തപുരം: വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികൾക്ക് വ്യാജ സന്ദേശം ലഭിച്ചതായി പോലീസ്. ‘ഡോൺ ബോസ്ക്കോ’ എന്ന പേരിലുള്ള വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണ് മെയിൽ മുഖേനെ എത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം.

കോട്ടയം സ്വദേശി നവീൻ, ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ദേവി, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് അരുണാചലിലെ സിറോ താഴ്വരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അന്യഗ്രഹ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു ഇ മെയിൽ സന്ദേശം മൂന്നുവർഷം മുൻപ് ആര്യ സുഹൃത്തുക്കൾക്കയച്ചിരുന്നു. ഡോൺ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്. ഈ സന്ദേശമാണ് ആര്യ ചില സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തത്. ഇതിനൊപ്പം ചില കോഡുകളുമുണ്ടായിരുന്നു. ആര്യയുടെ മരണവാർത്ത പുറത്തുവന്നതിന് സംശയാസ്പദമായ കാര്യങ്ങൾ ചർച്ചയായതോടെ സുഹൃത്തുക്കൾ സന്ദേശം പോലീസിന് കൈമാറുകയായിരുന്നു.

ഫോർവേഡ് ചെയ്ത് ലഭിച്ച ഇ മെയിലിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ജീവനൊടുക്കാനുള്ള തീരുമാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻകയ്യെടുത്തത് നവീൻ ആണെന്നാണ് പോലീസിൻ്റെ നിഗമനം. മരണാനന്തര ജീവിതം ഉൾപ്പെടെയുള്ള ചിന്തകളിൽ നവീൻ ആണ് ആദ്യം ആകൃഷ്ടനായത്. അരുണാചൽ പ്രദേശിലേക്കുള്ള യാത്രയുൾപ്പെടെ നവീൻ വ്യക്തമായി ആസൂത്രണം ചെയ്തിരുന്നു. ആരും പെട്ടെന്ന് പിന്തുടർന്ന് എത്താതിരിക്കാനും യാത്രാ വിവരങ്ങൾ ലഭിക്കാതിരിക്കാനും ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കിയാണ് ടിക്കറ്റ് ഉൾപ്പെടെ ശേഖരിച്ചത്.

കഴക്കൂട്ടത്തെ ട്രാവൽ ഏജൻസിയിൽ നിന്നാണ് അരുണാചൽ പ്രദേശിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തത്. ഇവിടെയും ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി പണം നൽകി. ഹോട്ടലിൽ മുറിയെടുത്തപ്പോഴും നവീൻ്റെ വിവരങ്ങൾ മാത്രമാണ് നൽകിയത്. ഞരമ്പ് മുറിക്കാനുള്ള ബ്ലേഡും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും വാങ്ങിയത് നവീൻ ആണെന്ന് പോലീസ് കണ്ടെത്തി.

മാർച്ച് പതിനേഴിന് കോട്ടയത്തെ വീട്ടിൽ നിന്നും യാത്ര പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ നവീനും ഭാര്യ ദേവിയും പത്ത് ദിവസങ്ങളിൽ വിവിധയിടങ്ങളിലൂടെ യാത്ര ചെയ്തു. ഈ ദിവസങ്ങളിൽ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. നാല് ദിവസം കഴക്കൂട്ടത്ത് ഉണ്ടായിരുന്നുവെങ്കിലും എവിടെയാണ് താമസിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ചംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് അരുണാചലിലെ ലോവർ സുബാൻസിരി എസ്പി കെനി ബഗ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരള പോലീസിൻ്റെ സഹായത്തോടെയാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker