32.8 C
Kottayam
Friday, March 29, 2024

രക്ഷപ്പെട്ടത് 450 ജീവനുകൾ, പെട്ടിമുട്ടി ദുരന്തപ്പിറ്റേന്ന് മൂന്നാറിനെ ഞെട്ടിച്ച് വീണ്ടും ഉരുൾപൊട്ടൽ(വീഡിയോ)

Must read

മൂന്നാർ :ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടർ ടാങ്കും മണ്ണിനടിയിലായി. ഉരുൾപൊട്ടലിൽ ആളപായമില്ല. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎൽഎ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്. മൂന്നാർ വട്ടവട ദേശീയപാത തകർന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്നലെ രണ്ട് വര്‍ഷം പിന്നിട്ടിരുന്നു. 2020 ആഗസ്റ്റ് ആറിനുണ്ടായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്. രക്ഷപ്പെട്ടത് 12 പേർ, നാല് പേർ ഇന്നും കാണാമറയത്താണ്.   

മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് 2020 ആഗസ്ത് ആറാം തീയതി രാത്രി 10.45ന് ഒഴുകിയെത്തിയ ഉരുൾ നാല് ലയങ്ങളാണ് തകർത്തത്. 22 തൊഴിലാളി കുടുംബങ്ങളെയും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സർവ്വതിനെയും ഉരുള്‍ തുടച്ച് നീക്കി. പിറ്റേ ദിവസം പുലർച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിഞ്ഞത്.

തകർന്ന പെരിയവരൈ പാലം വഴിമുടക്കിയതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായി. എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പടെയുള്ള സേനകൾ സ്ഥലത്തെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപകടത്തിൽപ്പെട്ട 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ടു. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോള്‍ നാല് പേർ ഇന്നും മണ്ണിനടിയിൽ എവിടെയോ ഉണ്ട്.  

ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.  

വയനാട് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഇന്നലെ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻറിൽ 2,219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2,166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള- തമിഴ്നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week