30.6 C
Kottayam
Tuesday, April 30, 2024

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു, ചക്രവാതച്ചുഴിയും; കേരളത്തിൽ വ്യാപക മഴ തുടരും,4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure Area) ശക്തി കൂടിയ ന്യൂനമർദ്ദമായി.  അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ച്നു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന്  വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വയനാട്ടില്‍ ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കല്ലൂര്‍, മുത്തങ്ങ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോട്ടത്തറ, വെണ്ണിയോട്, തവിഞ്ഞാല്‍ മേഖലകളിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റോട് കൂടിയാണ് മഴ. മുക്കത്ത് ശക്തമായ കാറ്റില്‍ കടയ്ക്ക് മുകളിലെ ഷീറ്റ് പാറി വീണു. ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് ഷീറ്റ് നീക്കം ചെയ്തത്. ബാലുശ്ശേരി മഞ്ഞപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥി മിഥ്‌ലാജിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശത്ത് ഉള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാസര്‍കോട് മൊഗ്രാല്‍, കാര്യങ്കോട്, നീലേശ്വരം പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കാലവര്‍ഷവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലപ്പുറത്ത് തീരമേഖലകളിലും, മലയോര പ്രദേശങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഖനനപ്രവര്‍ത്തങ്ങള്‍ നിയന്ത്രിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week