‘പള്ളിയിലെ കൊയറിൽ പാടാനെത്തിയപ്പോൾ തുടങ്ങിയ പ്രണയം, ലൈലയുമായി രജിസ്റ്റര്‍ വിവാഹം’ അമൃതയുടെ അച്ഛൻ ഓർമയാകുമ്പോൾ
കൊച്ചി:അമൃത സുരേഷിനേയും കുടുംബത്തേയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല മലയാളികൾക്ക്. ഐഡിയ സ്റ്റാർ സിങറിൽ മത്സരാർഥിയായി വന്നപ്പോൾ മുതൽ അമൃതയുടെ സുഖത്തിലും ദുഖത്തിലും മലയാളി പ്രേക്ഷകരും ഒപ്പം നിന്നു. സംഗീത പരിപാടിയിൽ പാടാനെത്തിയപ്പോഴെല്ലാം അച്ഛൻ പി.ആർ സുരേഷിന്റെ പിൻബലം അമൃതയ്ക്കുണ്ടായിരുന്നു.
തനിക്ക് സംഗീതം കിട്ടിയത് അച്ഛനിൽ നിന്നാണെന്ന് അമൃത എപ്പോഴും പറയാറുണ്ട്. കുട്ടിക്കാലം മുതൽ ഓടക്കുഴല്‍ വാദകൻ കൂടിയായ അച്ഛനൊപ്പം സ്റ്റേജ് ഷോകളിൽ പോയി പാട്ടുകൾ പാടാറുണ്ടായിരുന്നു അമൃത. പിന്നീട് മുതിർന്നപ്പോൾ ടിവി ഷോകളിലൂടെ തന്റെ കഴിവ് ലോകത്തെ കാണിച്ചു ഗായിക. എല്ലാക്കാലത്തും അമൃതയ്ക്ക് പിന്തുണ കുടുംബമായിരുന്നു.
അതിൽ പ്രധാന പങ്കും വഹിച്ചിരുന്നത് അച്ഛൻ സുരേഷാണ്. ഇപ്പോഴിത അച്ഛൻ ഓർമയാകുമ്പോൾ തന്റെ ഏറ്റവും വലിയ ശക്തി ഇല്ലാതായ പ്രതീതിയാണ് അമൃതയ്ക്ക്. കഴിഞ്ഞ ദിവസമാണ് അമൃതയുടെ അച്ഛൻ സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇപ്പോഴിത അച്ഛന്റേയും അമ്മയുടേയും പ്രണയകാലത്തെ കുറിച്ചും സാഹസീകമായ ജീവിതത്തെ കുറിച്ചും മുമ്പൊരിക്കൽ അമൃത പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.
അമൃതയുടെ അച്ഛൻ സുരേഷും അമ്മ ലൈലയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇന്റർകാസ്റ്റ് മാരേജായിരുന്നു. ദാമ്പത്യം 35 ആം വർഷത്തിൽ എത്തിനിൽക്കവെയാണ് സുരേഷ് ലൈലയെ മക്കൾക്കൊപ്പമാക്കി മടങ്ങുന്നത്.
അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്നാണ് ജെബി ജങ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ ഒരിക്കൽ അമൃത പറഞ്ഞത്. താൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണെന്നും മുരളി ഗാനം കേട്ടിട്ടാണ് സുരേഷിനോട് പ്രണയം തോന്നിയതെന്നും അതേ പരിപാടിയിൽ വെച്ച് ലൈലയും സമ്മിതിക്കുന്നുണ്ട്. ഞങ്ങളുടെ ചർച്ചിൽ ഒരു കൊയറുണ്ടായിരുന്നു. അപ്പോൾ ഒരിക്കൽ കലാഭവനിൽ നിന്നും ഒരു പ്രോഗ്രാമുണ്ടായി.
അങ്ങനെ വന്ന് കണ്ട് ഇഷ്ടപ്പെട്ടതാണ് അമൃതയുടെ അമ്മ ലൈല പറഞ്ഞു. ഉടൻ തന്നെ സാഹസികമായ ഒളിച്ചോട്ടമായിരുന്നു അച്ഛന്റേയും അമ്മയുടേയുമെന്നും അമൃത പറഞ്ഞപ്പോൾ അങ്ങനെയല്ലെന്ന് മകളെ സുരേഷ് തിരുത്തുകയും ചെയ്യുന്നുണ്ട്. ‘ലൈലക്ക് കല്യാണ ആലോചന വരുന്നുവെന്ന് കേട്ടപ്പോൾ പോയി രജിസ്റ്റർ ചെയ്തതാണ്.’
‘ബന്ധത്തെക്കുറിച്ച് ലൈലയുടെ വീട്ടിൽ അറിയില്ലായിരുന്നു. എന്റെ വീട്ടിൽ ചെറുതായി അറിയാമായിരുന്നു. അവരുടെ വീട്ടിൽ അറിയാൻ തുടങ്ങിയപ്പോഴേക്കും തട്ടികൊണ്ട് വരേണ്ടി വന്നു. അന്ന് നല്ല ഉഴപ്പിൽ നടക്കുന്ന സമയമായിരുന്നു. തട്ടികൊണ്ട് വരുന്ന വഴിക്ക് ഈ ചാർജ് ചെയ്യുന്ന സഥലങ്ങളുണ്ട്…. പറഞ്ഞാൽ മനസിലാകുമെന്ന് കരുതുന്നു.’
‘അങ്ങനെ ചാർജ് ചെയ്ത് ചാർജ് ചെയ്ത് വീട്ടിൽ എത്തി. പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു. ഞങ്ങൾ ഒരിക്കൽ പ്രേമിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പോലീസ് ജീപ്പ് അടുത്ത് വന്നു. എന്റെ അടുത്ത് ഒരു പോലീസുകാരൻ വന്നിട്ട് എസ്‌ഐ വിളിക്കുന്നുണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. നമ്മുടെ ധൈര്യം ഇങ്ങനെ കൊടുമുടിയിൽ നിൽക്കുകയാണ്. മഹാരാജാസിലാണ് പഠിക്കുന്നത്.’
‘അപ്പോൾ ഞാൻ ആ പോലീസുകാരനോട് പറഞ്ഞു ഞാൻ വരില്ല അയാളോട് ഇങ്ങോട്ട് വരാൻ പറയാൻ. അപ്പോൾ അവർക്ക് മനസിലായി എന്തോ ഇത്തിരി സീരിയസാണെന്ന് പഴയ ഓർമകൾ പൊടിതട്ടിയെടുത്ത് സുരേഷ് പറഞ്ഞു. മ്യൂസിക്കാണ് ഇഷ്ടപ്പെട്ടതെങ്കിലും സ്വഭാവം പരസ്പരം ഇഷ്ടമായിരുന്നു. കോളേജിൽ സംഘടനാപ്രവർത്തനമൊക്കെയുണ്ടായിരുന്നു ലൈലക്ക്. ചിലപ്പോൾ അതിന്റെ ധൈര്യത്തിൽ ചാടിയതുമാകാം.’
‘ഞാൻ ഒരു പത്തുമുപ്പത് വർഷമായി സംഗീതരംഗത്തുണ്ട്. ഞാൻ കെട്ടാതെ നടക്കുന്ന സമയത്താണ് എന്റെ കസിൻ സിസ്റ്റർ ഇവളെ കുറിച്ച് പറയുന്നത്. അവളുടെ കൈയ്യിൽ കുറെ ലിസ്റ്റുണ്ട്. അതിൽ നിന്നും ലൈലയെ തെരഞ്ഞെടുത്തപ്പോൾ ഇത് വേണോ എന്നാണ് ചോദിച്ചത്.’
‘ആ സമയം ലൈല ഭയങ്കര സുന്ദരി ആയിരുന്നു. ഞാൻ പോയി കണ്ട് സംസാരിച്ചു. ഇഷ്ടം ആണെങ്കിൽ വിളിക്കാൻ നമ്പറും കൊടുത്തു. അങ്ങനെ ഇഷ്ടമായി. രണ്ട് വർഷത്തോളം പ്രേമിച്ച് നടന്നു. പിന്നെയാണ് തട്ടികൊണ്ട് പോക്ക്’ സുരേഷ് കൂട്ടിച്ചേർത്തു. അച്ഛന്റെ അന്ത്യയാത്രയിൽ പ്രിയപ്പെട്ട പുല്ലാങ്കുഴൽ അദ്ദേഹത്തിന്റെ ശരീരത്തോട് ചേർത്ത് വെച്ച് പൊട്ടികരയുന്ന അമൃതയെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവരും പാടുപെട്ടു.