Vikram movie : ഫഹദിന്റെ അഭിനയ മികവ് അമ്പരപ്പിക്കുന്നതെന്ന് ലോകേഷ് കനകരാജ്
ഫഹദ് ഫാസിലിന്റെ അഭിനയ മികവ് ആരെയും ഞെട്ടിക്കുന്നതെന്നു ‘വിക്രം’ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്. കമൽ ഹാസനൊപ്പം ഫഹദ്, വിജയ് സേതുപതി, നരേൻ ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയതോടെ ‘വിക്രം’ മികച്ച ചിത്രമായെന്നു ലോകേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ വിവിധ തീയേറ്ററുകളിൽ ആരാധകരെ സന്ദർശിച്ച ശേഷം കൊച്ചിയിൽ സംസാരിക്കുകയായിരുന്നു ലോകേഷ് (Vikram).
റിലീസ് ആയി രണ്ടാം വാരം എത്തുമ്പോഴേക്കും വൻ കളക്ഷനുമായി മുന്നേറുകയാണ് ‘വിക്രം’. കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ
ഇപ്പോഴും ഹൗസ് ഫുൾ ആണ്. ചിത്രത്തിന്റെ വിജയത്തിൽ തന്റെ സംഘത്തിലെ എല്ലാവർക്കും പങ്കുണ്ടെന്നു സംവിധായകൻ ലോകേഷ് കനകരാജ്
വ്യക്തമാക്കി. കമൽ ഹാസന്റെ അഭിനയം വേറിട്ട് നിന്നെങ്കിലും ഫഹദ് ഫാസിലിന്റെ മികവ് അമ്പരപ്പിച്ചു എന്ന് ലോകേഷ് പറയുന്നു. ആക്ഷൻ പറയുമ്പോൾ ഫഹദിന് ഉണ്ടാകുന്ന ഭാവ മാറ്റം ഏറെ അത്ഭുതപ്പെടുത്തുന്നു. ഫഹദ് മുന്നേ മികവ് തെളിയിച്ച ആളാണെങ്കിലും തനിക് ഫഹദിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്ന് ലോകേഷ് പരഞ്ഞു.
ഫഹദിന് മാത്രമായ സ്‍ക്രിപ്റ്റുകൾ ഇനിയും വരേണ്ടതുണ്ടെന്നും ലോകേഷ് പറഞ്ഞു. വേറിട്ട ഗാനങ്ങള്‍ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നു സംഗീത സംവിധായകൻ അനിരുദ്ധ്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ന്റെ തിരക്കിലാണ് അനിരുദ്ധ് ഇപ്പോൾ. സമീപ കാലത്ത് അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച എല്ലാ സിനിമകളും വലിയ ഹിറ്റ് ആണ്. തന്റെ ടീമിന്റെ മികവും തന്റെ സമയം നന്നായതുമാണ് ഇതിനു കാരണം എന്ന് അനിരുദ്ധ് പറയുന്നു.
അടുത്ത കാലത്തെ തമിഴിലെ ഏറ്റവും വലിയ വിജയമായി വിക്രം മാറിയിരുന്നു. 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 31 കോടിയാണ് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 300 കോടി പിന്നിട്ടിരിക്കുകയാണ്. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. തമിഴ്നാട്ടില്‍ നിന്നു മാത്രം 127 കോടിയാണ് വിക്രം ഇതിനകം നേടിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടി, കര്‍ണാടകത്തില്‍ നിന്ന് 18.75 കോടി, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ കണക്കുകള്‍.