നടിയെ ആക്രമിച്ച കേസിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്‍റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.
നേരത്തേ അതിജീവിത നൽകിയ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. തുടരന്വേഷണം സർക്കാർ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അതീജീവിത അന്ന് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഹർജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസർ തന്നെയായതിനാൽ രജിസ്ട്രി അദ്ദേഹത്തിന്‍റെ ബെഞ്ചിന്‍റെ പരിഗണന്ക്കായി മാറ്റുകയും ചെയ്തു.
പിന്നീട് ഹർജി പരിഗണിച്ചയുടനെ ബെഞ്ച് മാറ്റമെന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് പിൻമാറുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. നേരത്തെ കേസന്വേഷിക്കുന്ന പൊലീസ് സംഘം ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി കേൾക്കരുതെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് ഹർജി ഇപ്പോൾ പരിഗണിക്കുന്നത്.