ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം ഇന്നുമുതല്‍,ഇളവുകള്‍-നിയന്ത്രണങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി:രണ്ടു ഘട്ടമായി നടത്തിയ അടച്ചുപൂട്ടല്‍ നടപടികള്‍ക്കു ശേഷവും രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല.ഏറ്റവുമൊടുവില്‍ ലഭിച്ച വിവരങ്ങളനുസരിച്ച് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40000 കടന്നു. ഇന്നുമുതല്‍ രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്.ഈ മാസം 17 വരെയാണ് ലോക്ക് ഡൗണ്‍ നീണ്ട് നില്‍ക്കുക. രോഗബാധയുള്ള മേഖലകള്‍ അടച്ചിടുകയും മറ്റിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍.
രോഗബാധ നിയന്ത്രമവിധേയമാകാത്ത ഇടങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും. ലോക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയവരെ മാത്രമാണ് മടക്കി എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു.
മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നിര്‍ണായകമാണ്, പല അര്‍ത്ഥത്തില്‍. ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിര്‍ണായകമാണ്. നിലവില്‍ കര്‍ശനമായ ലോക്ക്ഡൗണിന്റെ അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡിനെ നേരിട്ടത്. എന്നാല്‍ ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെ നിര്‍ണയിക്കുന്നതാണ്.
റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളിലായാണ് രാജ്യത്തെ വേര്‍തിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവു നല്‍കുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്.
ഇതില്‍ ശ്രദ്ധേയമായ ഒരു കാര്യം, രാജ്യത്തെ മൂന്നില്‍ രണ്ട് ജനസംഖ്യയും നിലവില്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളിലാണ് എന്നതാണ്. ഇവിടെയെല്ലാം താരതമ്യേന ഇളവുകള്‍ നല്‍കുമ്പോള്‍ രോഗവ്യാപനം കുറച്ചുകൊണ്ടുവരിക കൂടി ചെയ്യുകയെന്ന സങ്കീര്‍ണമായ ദൗത്യമാണ് രാജ്യത്തെ ഭരണസംവിധാനത്തിനും ജനങ്ങള്‍ക്കും മുന്നിലുള്ളത്.രാജ്യത്തെ തൊഴില്‍മേഖലകളില്‍ പ്രധാനപ്പെട്ടതെല്ലാം സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങളില്‍ ഇപ്പോഴും റെഡ് സോണുകളിലാണ്.