തദ്ദേശഭരണ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടം, തീയതികൾ ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും.
കൊവിഡ് സാഹചര്യത്തിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും.
രണ്ടാം ഘട്ടമായി ഡിസംബർ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബർ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ഡിസംബർ പകുതിയോടെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ക്രിസ്തുമസിന് മുൻപായി പുതിയ ഭരണസമിതികൾ നിലവിൽ വരും. നവംബർ 19-വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. സ്ഥാനാർത്ഥികളുടെ ചിത്രം അന്ന് തെളിയും.
തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായവും കമ്മീഷൻ ശേഖരിച്ചതായി വി. ഭാസ്കരൻ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടർമാരാണുള്ളത്. 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും.
കൊവിഡ് പൊസീറ്റിവാകുന്നവർക്കും, ക്വാറൻ്റൈനായവർക്കും പോസ്റ്റൽ വോട്ടു ചെയ്യാൻ അവസരമുണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ ബ്രേക്ക് ദ ചെയിൻ പോളിസി നടപ്പാക്കും.
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുകയാണ്. കൊവിഡ് മഹാമാരി ആവേശം കെടുത്താൻ സാധ്യതയുണ്ടെങ്കിലും പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് പാർട്ടികളെല്ലാം. സമൂഹമാധ്യമങ്ങളിലെല്ലാം ഇതിനോടം വിവിധ സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂർ ഒഴികെയുള്ള 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും വിധിയെഴുതും. കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗിന് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും. പുതിയ ഭരണസമിതി വരുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരിക്കും. കൊവിഡ് പ്രതിസന്ധി മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടത്.
ഈ തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ് സംവരണം –
മേയർ സ്ഥാനത്തിന് വനിതാ സംവരണമുള്ള കോർപ്പറേഷനുകൾ – തിരുവനന്തപുരം ,കോഴിക്കോട് , കൊല്ലം
ജനറൽ കാറ്റഗറിയിൽ വരുന്ന കോർപ്പറേഷനുകൾ -തൃശ്ശൂര്‍,കൊച്ചി ,കണ്ണൂര്‍
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം ഇക്കുറി പട്ടിക ജാതി സംവരണമാണ്.
ആലപ്പുഴ,കോട്ടയം ,പാലക്കാട് ,മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍കോട് ജില്ലാ പഞ്ചായത്തുകള്‍ ഇക്കുറി വനിത സംവരണമാണ്.
ബത്തേരി നഗരസഭാ അധ്യക്ഷസ്ഥാനം പട്ടിക വര്‍ഗസംവരണം.
നെടുമങ്ങാട്, കളമശ്ശേരി,കൊടുങ്ങല്ലൂര്‍ നഗരസഭകളിൽ പട്ടികജാതി വനിത അധ്യക്ഷയാകും.
പൊന്നാനി , പെരിന്തൽമണ്ണ, മുക്കം നഗരസഭകളിലെ അധ്യക്ഷസ്ഥാനം പട്ടിക ജാതി വിഭാഗത്തിന്.
41 നഗരസഭകളിൽ അധ്യക്ഷസ്ഥാനം വനിതകള്‍ക്ക്.
ബ്ലോക്ക് പഞ്ചായത്ത്
67 ഇടത്ത് അധ്യക്ഷസ്ഥാനം വനിതകള്‍ക്ക്
എട്ടിടത്ത് പട്ടികജാതി വനിത അധ്യക്ഷയാകും
രണ്ടിടത്ത്പട്ടിക വര്‍ഗ വനിത അധ്യക്ഷയാകും
7 ൽ അധ്യസ്ഥാനം പട്ടികജാതി വിഭാഗത്തിന്
ഒരിടത്ത് അധ്യക്ഷ സ്ഥാനം പട്ടിക വര്‍ഗ വിഭാഗത്തിന്
ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനം
417 ൽ സ്ത്രീകള്‍
46 ൽ പട്ടികജാതി സ്ത്രീകള്‍
8 ൽ പട്ടിക വര്‍ഗ സ്ത്രീകള്‍
46 ൽ പട്ടിക ജാതി വിഭാഗം
8 ൽ പട്ടിക വര്‍ഗവിഭാഗം
തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കൻ കേരളത്തിൽ യുഡിഎഫ് ജില്ലാ കൺവെൻഷനുകൾ അടക്കം പൂർത്തിയാക്കി കഴിഞ്ഞു, എൽഡിഎഫ് ആകട്ടെ സ്ഥാനർത്ഥി നിർണ്ണയത്തിലടക്കം ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. യുഡിഎഫിൽ ലീഗിൽ മാത്രമാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായിട്ടുള്ളത്.
കണ്ണൂർ കോർപ്പറേഷൻ ഭരണം ഇക്കുറി ഇരുമുന്നണികൾക്കും നിർണായകമാണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ഇവിടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെല്ലാം വരും തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വാധീനിക്കും. കോഴിക്കോട് കോർപ്പറേഷൻ നിലനിർത്താൻ എൽഡിഎഫ് പരമാവധി പരിശ്രമിക്കും എന്നുറപ്പാണ്. ലോക്സഭയിലെ മിന്നും പ്രകടനത്തിൻ്റെ ബലത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലാ പഞ്ചായത്തുകളും നോട്ടമിട്ടിരിക്കുകയാണ് യുഡിഎഫ്. വെൽഫയർ പാർട്ടിയുമായി ഉണ്ടാക്കിയ ബന്ധം കോഴിക്കോട് മലപ്പുറം ജില്ലകളിൽ നേട്ടമുണ്ടാക്കുമെന്നാണ് ലീഗ് വിലയിരുത്തൽ.
യുഡിഎഫുമായി ബന്ധമില്ലാത്ത കേന്ദ്രങ്ങളിൽ എൽഡിഎഫുമായി ബന്ധമുണ്ടാക്കാൻ വെൽഫയർ പാർട്ടി ശ്രമം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വടകര മേഖലയിൽ 4 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആർഎംപിയും യുഡിഎഫും ബന്ധം സ്ഥാപിച്ചിട്ടുണ്ട്.അതേ സമയം എൽജെഡിയുടെ തിരിച്ചുവരവ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.