വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലയണൽ മെസി; വീഡിയോ
ഫ്‌ളോറിഡ: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലയണൽ മെസി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് ലെറ്റിൽ റെഡ് സിഗ്നൽ കത്തിയിട്ടും മെസി സഞ്ചരിച്ച കാർ മുന്നോട്ട് പോകുകയായിരുന്നു. ഈ സമയം മറ്റ് വശങ്ങളിൽ നിന്ന് വാഹനങ്ങൾ അതി വേഗത്തിൽ വന്നതാണ് അപകട സാഹചര്യത്തിലേയ്ക്ക് നയിച്ചത്. എന്നാൽ പെട്ടെന്ന് മറ്റ് വാഹനങ്ങൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
റോഡിലൂടെ കാറിൽ വരുന്നതിനിടെ ഒരു ആരാധകൻ മെസിയുടെ കാറിനടുത്തേയ്ക്ക് ഓടിയെത്തിയതായി റിപ്പോർട്ടുണ്ട്. തുടർന്നാണ് താരം സിഗ്നൽ ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തതെന്നാണ് വിശദീകരണം. മെസിയുടെ വാഹനത്തിന് പിന്നാലെ എസ്‌കോർട്ട് വാഹനവും സഞ്ചരിക്കുന്നുണ്ട്. മെസിയുടെ വാഹനത്തിനൊപ്പം സെെറൻ മുഴക്കി പൊലീസ് വാഹനം ഉണ്ടായിരുന്നതിനാൽ റെഡ് സിഗ്നൽ കത്തിയാലും കാർ മുന്നോട്ടെടുക്കാനുള്ള അനുമതിയുണ്ടെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ഫുട്ബാൾ ക്ലബായ ഇന്റർ മയാമിയോടൊപ്പം ചേരാനാണ് മെസി അമേരിക്കയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മെസിയെ മയാമി ജഴ്സിയിൽ അവതരിപ്പിച്ചത്. ജൂലൈ 21ന് ക്രൂസ് അസൂലിനെതിരെയാണ് മയാമിയ്ക്കായി മെസിയുടെ ആദ്യ മത്സരം.