KeralaNews

ആരാണ് കുറ്റക്കാരന്‍, നിരപരാധിയെന്നൊക്കെ തീരുമനിക്കാന്‍ നിയമവും കോടതിയുമുണ്ട്; നടിയെ ആക്രമിച്ച കേസില്‍ നിലപാട് തിരുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ലാല്‍

കോഴിക്കോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തന്റെ നിലപാട് തിരുത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ലാല്‍. തന്റെ അഭിപ്രായമെന്ന രീതിയിലുള്ള ഒരു ശബ്ദം പ്രചരിക്കുന്നത് ഇപ്പോള്‍ അനാവിശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന ദിവസം നടി തന്റെ വീട്ടില്‍ അഭയം തേടി ഓടിയെത്തിയതല്ലാതെ പിന്നീട് നടന്നതൊന്നും തനിക്ക് അറിയില്ലെന്ന് ലാല്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കുറിപ്പിലൂടെ പറഞ്ഞു.

നാല് വര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ താന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു എന്നും നിലവില്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസുണ്ട്. നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്.

പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല,’ ലാല്‍ പറഞ്ഞു. കുറിപ്പ് കണ്ടതിന് ശേഷം അതിനെ വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നും ഇരയ്ക്ക് നീതി ലഭിക്കാനായി പ്രാര്‍ഥിക്കുന്നതായും ലാല്‍ പറഞ്ഞു.

ലാലിന്റെ വാക്കുകള്‍

പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനുമുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല.

കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതുതന്നെയാണ്. എന്നാല്‍ നാല് വര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്ന് ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാട് പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റ് ചിലര്‍ അസഭ്യ വര്‍ഷങ്ങളും എന്റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടാണ്.

ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസുണ്ട്. നിയമമുണ്ട്. കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരില്ല.

എന്റെ ഈ കുറിപ്പ് കണ്ടതിന് ശേഷം അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് യഥാര്‍ത്ഥ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെട്ടെയെന്നും ഇരയ്ക്ക് നീതി ലഭിക്കട്ടെ. പ്രാര്‍ത്ഥനകളുമായി ലാല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker