
അഹമ്മദാബാദ്: കാമുകനോട് ക്ഷമാപണം നടത്തിയ ശേഷം ജീവനൊടുക്കി യുവതി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് പാലൻപുരിൽ സഹോദരിക്കൊപ്പം താമസിച്ചിരുന്ന രാധ, ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു.
‘‘എന്റെ സഹോദരി ഒരു ബ്യൂട്ടിപാർലർ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി പതിവുപോലെ അവൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. അത്താഴം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ ഞങ്ങൾ അവളെ മരിച്ച നിലയിൽ കണ്ടെത്തി. ഞങ്ങൾ അവളുടെ ഫോൺ പരിശോധിച്ചപ്പോൾ അവൾ റെക്കോർഡ് ചെയ്‌ത വിഡിയോകൾ കണ്ടെത്തി.
ഞങ്ങൾ എല്ലാം പൊലീസിനു കൈമാറി. അവൾ സംസാരിക്കുന്ന ആളെയാണ് ഞങ്ങൾ സംശയിക്കുന്നത്’’– രാധയുടെ സഹോദരി അൽക്ക പറഞ്ഞു. അജ്ഞാതനായ ഇയാളെ അറിയില്ലെന്ന് കാണിച്ചാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
യുവതി ആത്മഹത്യ ചെയ്‌തതിന്റെ കാരണവും വിഡിയോയിൽ മാപ്പ് പറഞ്ഞതിന്റെ കാരണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തിൽ രാധ കാമുകനോട് ഒരു ഫോട്ടോ ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാൽ അയാൾ ഫോട്ടോ അയച്ചിട്ടില്ല. റെക്കോർഡ് ചെയ്ത കോളിൽ ഏഴു മണിക്ക് ഫോട്ടോ കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കൂവെന്നാണ് രാധ പറയുന്നത്.
‘‘എന്നോട് ക്ഷമിക്കൂ. നിങ്ങളോട് ചോദിക്കാതെ ഞാൻ ഒരു തെറ്റായ നടപടിയാണ് ചെയ്യുന്നത്, സങ്കടപ്പെടരുത്. സന്തോഷമായി ജീവിക്കുക. ജീവിതം ആസ്വദിച്ച് വിവാഹം കഴിക്കുക. ഞാൻ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത്. ഞാൻ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് സന്തോഷമുണ്ടെങ്കിൽ, എന്റെ ആത്മാവിന് സമാധാനം ലഭിക്കും’’ – രാധ അവസാനമായി റെക്കോർഡ് ചെയ്ത വിഡിയോയിൽ പറയുന്നു.