എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കുന്നത്’? വ്യാജ വാര്‍ത്തയ്‍ക്കെതിരെ കുളപ്പുള്ളി ലീല
സമൂഹ മാധ്യമങ്ങളില്‍ പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. മുതിര്‍ന്ന നടി കുളപ്പുള്ളി ലീലയാണ് (Kulappulli Leela) അതിന്‍റെ അവസാനത്തെ ഇര. ഒരു യുട്യൂബ് ചാനലില്‍ ഇന്നലെ വൈകിട്ടാണ് തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലോടെ കുളപ്പുള്ളി ലീലയെക്കുറിച്ച് വ്യാജവാര്‍ത്ത വന്നത്. വളരെ വേഗം ഇതിന് കാണികളെ ലഭിക്കുകയും ചെയ്‍തു. ഈ വീഡിയോ വൈകിട്ട് ആറ് മണിയോടെയാണ് തന്‍റെ ശ്രദ്ധയില്‍ പെട്ടതെന്നും പിന്നീടങ്ങോട്ട് ഫോണ്‍ കോളുകളുടെ പ്രളയമായിരുന്നുവെന്നും കുളപ്പുള്ളി ലീല പറയുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കരുതെന്നും അവര്‍ പറയുന്നു.
വിഡീയോ ആരെങ്കിലുമൊക്കെ കാണാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേർ വിളിച്ചു. എന്റെ നാട്ടിൽ നിന്നൊക്കെ ആളുകൾ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാൻ മടുത്തു.
എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകൾക്ക് ഇടയിലും ഓടിയെത്തി ഞാൻ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്. എന്നെ നേരിട്ട് അറിയാവുന്ന ഒരാൾ വരെ ഇതെടുത്ത് പോസ്റ്റ് ചെയ്തു. എന്നെ ഒന്ന് വിളിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നല്ലോ.
പലരും പൊലീസിൽ പരാതി കൊടുക്കാൻ പറഞ്ഞു. പക്ഷേ ഞാൻ പരാതി നൽകാനൊന്നും പോണില്ല. പറയാൻ ഉള്ളത് ഞാനൊരു വീഡിയോയിലൂടെ പറയാം. 72 വയസ്സുള്ള എന്നെ പറ്റിയാണ് ഇങ്ങനെ ഒരു തലക്കെട്ട് ഇട്ട് വിഡിയോ കൊടുത്തിരിക്കുന്നത്. ആളെ കൂട്ടാൻ കാശുണ്ടാക്കണമെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്.” ലീല പറയുന്നു.