News

തിരുവോണ നാളിൽ കോൺഗ്രസ് ഇട്ടത് ചോരപൂക്കളം,ഉന്നതതലത്തിൽ ഗൂഢാലോചനയെന്നും കോടിയേരി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ സിപിഎം. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നതെന്ന് കോടിയേരി ആരോപിച്ചു.

കോൺ‌ഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്നും കോടിയേരി പറഞ്ഞു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും നേരത്തെ ആരോപിച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. സഹിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

രണ്ട് മാസം മുൻപ് കോൺഗ്രസ്–സിപിഎം ഏറ്റുമുട്ടൽ നടന്ന സ്ഥലമാണ് തേമ്പാമൂട്. ഹക്കിനേ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോളാണ് ആക്രണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറൽ എസ്‌പി ബി.അശോകൻ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. രണ്ടു മാസങ്ങൾക്കു മുമ്പ് ഡിവെെഎഫ്‌ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബുള്ളറ്റ് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മരുതുംമൂട് സ്വദേശി നജീബ് ആണ് പിടിയിലായ മൂന്ന് പേരിൽ ഒരാൾ. അഞ്ച് പേർ കൃത്യത്തിൽ പങ്കെടുത്തതായാണ് പൊലീസ് നിഗമനം. കൊലപാതകികൾ വന്ന KL 21, K 4201 എന്ന ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ഡിവെെഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹിം ആരോപിച്ചു. സജീവ് എന്ന കോൺഗ്രസുകാരന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നും റഹിം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker