28.8 C
Kottayam
Sunday, April 28, 2024

കെവിന്റേത് ദുരഭിമാനക്കൊലയല്ല: പ്രതി ഭാഗം

Must read

കോട്ടയം: കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കുന്നതിനു തെളിവില്ലെന്നു പ്രതിഭാഗം.  ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വാദത്തിലാണ് പ്രതിഭാഗം ഉന്നയിച്ചത്. താഴ്ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിനു ചാക്കോയുടെ കുടുംബത്തിനു ദുരഭിമാനമുണ്ടായെന്ന പ്രോസിക്യൂഷന്‍ വാദത്തിനു തെളിവില്ല.

നീനുവും കെവിനും തമ്മിലുള്ള ബന്ധം അറിഞ്ഞു നീനുവിന്റെ ചാക്കോ കെവിന്റെ പിതാവ് ജോസഫുമായി സംസാരിച്ചു. സംഭാഷണത്തില്‍ ഇരുകുടുംബങ്ങളും തമ്മിലുള്ള ജാതി അന്തരം പറഞ്ഞതായി ജോസഫ് മൊഴി നല്‍കിയിട്ടില്ല. നീനുവിനെ വിട്ടുകിട്ടാനായി കെവിനെയും അനീഷിനെയും തട്ടിയെടുത്തു വിലപേശല്‍ നടത്തിയിട്ടില്ല. നീനുവിന്റെ സഹോദരന്‍ സാനുവും ഗാന്ധിനഗര്‍ മുന്‍ എഎസ്ഐ ടി.എം. ബിജുവും നടത്തിയ ഫോണ്‍ സംഭാഷണത്തിനു വില പേശല്‍ സ്വഭാവം ഇല്ല.

അനീഷിനെ പ്രതികളാണു കോട്ടയത്തു തിരിച്ചെത്തിച്ചത്. തിരിച്ചു കൊണ്ടുവന്ന ഇരകളെ ഉപയോഗിച്ചു വിലപേശല്‍ നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം യുക്തിയില്ലാത്തതാണ്. സംഭവദിവസം അനീഷ് പൊലീസിനു നല്‍കിയ മൊഴിയില്‍ പ്രതികളെക്കുറിച്ചു പറയുന്നില്ല. പിന്നീടു നല്‍കിയ മൊഴിയിലാണ് അനീഷ് പ്രതികളുടെ കാര്യം പറയുന്നതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടപടിക്രമങ്ങള്‍ പാലിച്ചല്ല നടത്തിയതെന്നും പ്രതിഭാഗം ആരോപിച്ചു. 26-ാം സാക്ഷി ലിജോയുടെ മൊഴി തെളിവായി എടുക്കരുതെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു.പ്രതികളുടെ പദ്ധതിയെക്കുറിച്ചു ലിജോയ്ക്ക് അറിവുണ്ടായിരുന്നു. കെവിന്റെ പടം സാനുവിന് അയച്ചുകൊടുത്തതു ലിജോയാണ്. അതുകൊണ്ട് തന്നെ ലിജോയുടെ മൊഴി സ്വീകരിക്കരുതെന്നും പ്രതിഭാഗം ആവശ്യമുന്നയിച്ചു

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week