30 C
Kottayam
Monday, May 13, 2024

വെടിക്കെട്ട് ജാക്‌സിന് കോലിയുടെ പിന്തുണ,ഗുജറാത്തിനെ തകര്‍ത്ത് ബാംഗ്ലൂര്‍

Must read

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒന്‍പത് വിക്കറ്റിന്റെ ഗംഭീര ജയം. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി വില്‍ ജാക്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് വിജയം നേടിയത്. ഗംഭീര കൂട്ടുകെട്ടുമായി വിരാട് കോലിയും ഒപ്പമുണ്ടായിരുന്നു.

സിക്‌സറുകളും മേളമാണ് ആര്‍സിബി ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ആദ്യ 3.5 ഓവറില്‍ ആര്‍സിബി 40 റണ്‍സടിച്ചു. 12 പന്തില്‍ 24 റണ്‍സടിച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് ആദ്യം പുറത്തായത്. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. പിന്നീട് കണ്ടത് 166 റണ്‍സിന്റെ വേര്‍പിരിയാത്ത കൂട്ടുകെട്ടായിരുന്നു.

കളിയില്‍ നാലോവറോളം ബാക്കിയുണ്ടായിരുന്നു ആര്‍സിബിക്ക്. അവസാന ഓവറിലേക്ക് മത്സരം നീളുമെന്ന് തോന്നിച്ചെങ്കിലും ജാക്‌സിന്റെ വെടിക്കെട്ട് അനായാസം മത്സരം വിജയിപ്പിക്കുകയായിരുന്നു. 44 പന്തില്‍ 70 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നു.

ജാക്‌സ് 41 പന്തിലാണ് 100 റണ്‍സടിച്ചത്. ഇതില്‍ പത്ത് സിക്‌സറുകള്‍ ഉണ്ടായിരുന്നു. അഞ്ച് ബൗണ്ടറികളും താരം അടിച്ചു. കോലിയുടെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സറുകളും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് വിരാട് കോലി അതിവേഗം മത്സരത്തില്‍ സ്‌കോര്‍ ചെയ്തു.

നേരത്തെ ടോസ് നേടിയ ആര്‍സിബി ഗുജറാത്തിനെ ബാറ്റിംഗിന് അടക്കുകയായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഗുജറാത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. വൃദ്ധിമാന്‍ സാഹ(5)യെ പെട്ടെന്ന് തന്നെ ടീമിന് നഷ്ടമായി. ടീമിന്റെ പ്രതീക്ഷയായിരുന്നു ശുഭ്മാന്‍ ഗില്‍(16) കൂടി പുറത്തായതോടെ ഗുജറാത്ത് പ്രതിരോധത്തിലായിരുന്നു.

രണ്ടിന് 45 എന്ന നിലയിലായിരുന്നു 6.4 ഓവറില്‍ ഗുജറാത്ത്. ഗില്‍ മത്സരത്തില്‍ റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. എന്നാല്‍ ടീമില്‍ സ്ഥാനക്കയറ്റം കിട്ടിയ ഷാരൂഖ് ഖാനും സായ് സുദര്‍ശനും ചേര്‍ന്നാണ് മത്സരത്തില്‍ ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഷാരൂഖ് ഖാന്‍(58) സായ് സുദര്‍ശനും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇതാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 30 പന്തിലാണ് ഷാരൂഖ് 58 റണ്‍സടിച്ചത്. 5 സിക്‌സറും മൂന്ന് ബൗണ്ടറിയും താരം അടിച്ചു. ഗുജറാത്തിന്റെ സ്പിന്നര്‍മാരെ താരം നന്നായി നേരിടുകയും ചെയ്തു. സായ് സുദര്‍ശന്‍ 49 പന്തില്‍ 84 റണ്‍സുമായി പുറത്താവാതെ നിന്നു സുദര്‍ശനാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് അവസാന ഓവറുകളില്‍ നയിച്ചത്.

എട്ട് ബൗണ്ടറിയും നാല് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും നന്നായി സ്‌കോര്‍ ചെയ്തു. 19 പന്തില്‍ 26 റണ്‍സെടുത്ത മില്ലര്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ആര്‍സിബി നിരയില്‍ ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, സ്വപ്‌നില്‍ സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week