Home-bannerKeralaNews

പോലീസ് സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; കേരളാ പോലീസിന്റെ പോള്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: നിരവധി പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്ന പോള്‍ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. പോള്‍ ആപ്പ് വഴി പോലീസിന്റെ 27 സേവനങ്ങള്‍ ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടി ആപ്പില്‍ വരും. കൊവിഡ് കാലമായതിനാല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് പരമാവധി ജനങ്ങള്‍ വരേണ്ടെന്നാണ് പോലീസിന്റെ അഭ്യര്‍ത്ഥന.

പരമാവധി ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന നിര്‍ദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിര്‍ദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പോലീസ് ആ പദം പരിഷ്‌ക്കരിച്ച് പോള്‍ ആപ്പ് എന്നാക്കി മാറ്റുകയായിരുന്നു.

സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്പറിലേയ്ക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്പറുകളിലേയ്ക്ക് എസ് ഒ എസ് കാള്‍ ചെയ്യാനും സാധിക്കും. വനിതകള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും ഈ ആപ്പ് മുഖേന സാധിക്കും. മാത്രമല്ല പോലീസ് എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനവും ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

ജനങ്ങള്‍ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും. പൊലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്.

ചില വിഭാഗങ്ങളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോ ജിയോടാഗ് ചെയ്ത് പൊലീസിന് നല്‍കാം. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker