ശരാശരിയ്ക്ക് മുകളില്‍ പ്രകടനവുമായി കേരള എം.പിമാര്‍,ഈ കാര്യത്തില്‍ കൊടിക്കുന്നിലും ഡീനും പിന്നില്‍,കെ.സുധാകരന് പകുതി ഹാജര്‍ മാത്രം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ട് പോകുകയാണ് കേരളത്തിലെ മുന്നണികള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്നതിനൊപ്പം തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷം എന്ത് ചെയ്തു എന്ന ചോദ്യം നേരിടേണ്ടി വരിക സിറ്റിംഗ് എംപിമാരെ സംബന്ധിച്ച് പ്രധാനമാണ്. അതോടൊപ്പം തന്നെ പാര്‍ലമെന്റിലെ പ്രകടനവും ജനങ്ങള്‍ വിലയിരുത്തും.
കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിമാരില്‍ ഭൂരിഭാഗവും നല്ല പ്രകടനം കാഴ്ചവെച്ചരാണ്. 15 സെഷനുകളിലായി ആകെ 274 ദിവസമാണ് 17-ാം ലോക്‌സഭ സമ്മേളിച്ചത്. അംഗങ്ങളുടെ ഹാജര്‍നിലയില്‍ ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ഹാജര്‍. ദേശീയ ശരാശരി 79 ശതമാനമാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള രണ്ട എംപിമാരുടെ ഹാജര്‍ നില ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. മാത്രവുമല്ല ആകെ സഭ സമ്മേളിച്ചതില്‍ പകുതി ദിവസങ്ങള്‍ മാത്രമാണ് ഹാജരായതും. കണ്ണൂര്‍ എംപി കെ. സുധാകരനും വയനാട് എംപി രാഹുല്‍ ഗാന്ധിയുമാണ് കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ കുറഞ്ഞ ഹാജര്‍നിലയുള്ളത്. സുധാകരന് 50 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 51 ശതമാനവുമാണ് ഉള്ളത്.
17-ാം ലോക്‌സഭയില്‍ ആകെ 221 ബില്ലുകളാണ് പാസാക്കിയത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ആകെ 302 നിയമനിര്‍മാണ ചര്‍ച്ചകളിലാണ് പങ്കെടുത്തത്. ചര്‍ച്ചകളില്‍ പങ്കെടുത്തതില്‍ മുമ്പില്‍ എന്‍.കെ. പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ശശി തരൂര്‍ എന്നിവരാണ്. വയനാട് എംപി രാഹുല്‍ ഗാന്ധി ഇക്കാര്യത്തിലും വളരെ പിന്നിലാണ്. സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിലും കേരളത്തിലെ എംപിമാര്‍ മുന്നിലാണ്.
17-ാം ലോക്‌സഭയിലെ ചോദ്യങ്ങളുടെ ദേശീയ ശരാശരി 210 ആണെങ്കിലും കേരളത്തിന്റെത് 268 ആണ്. 5346 ചോദ്യങ്ങള്‍ കേരളത്തില്‍ നിന്ന് ഉന്നയിക്കപ്പെട്ടു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തിന് മുന്നിലുള്ളത്. ചോദ്യങ്ങള്‍ ചോദിച്ചതില്‍ മുമ്പില്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ബെന്നി ബെഹനാനും ആണ്.
ജനങ്ങളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുളള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശദ്ധക്ഷണിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ശൂന്യവേള ചര്‍ച്ച, ചട്ടം 377, ചട്ടം 193 പ്രകാരമുള്ള പ്രമേയങ്ങളും ചര്‍ച്ചകളും. ഇവയിലെല്ലാം കേരള എം.പിമാരുടെ പ്രകടനം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
പ്രാദേശിക ഫണ്ട് വിനിയോഗമാണ് എംപിമാരെ സംബന്ധിച്ച് പ്രകടനത്തില്‍ നിര്‍ണായകമായ മറ്റൊരു കാര്യം. അഞ്ച് കോടി രൂപയാണ് ഓരോ എംപിക്കും പ്രതിവര്‍ഷം ലഭിക്കുന്ന ഫണ്ട്. കൊവിഡ് മൂലം ആദ്യ രണ്ടുവര്‍ഷം ഈ തുക രണ്ടുകോടിയായി ചുരുക്കിയിരുന്നു. അതിനാല്‍ ഈ ലോക്‌സഭയില്‍ 17 കോടി മാത്രമാണ് അംഗങ്ങള്‍ക്ക് കിട്ടിയത്. ഇൗ കണക്കില്‍ പക്ഷേ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വളരെ പിന്നിലാണ്.
അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍, ശശി തരൂര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ അഞ്ച് എംപിമാര്‍ മാത്രമേ ഈ തുക ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളു. കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാരാണ് ഫണ്ട് ചിലവഴിക്കുന്നതില്‍ ഏറ്റവും പിന്നില്‍.
വികസനഫണ്ടായി 17 കോടി രൂപ ലഭിച്ചതില്‍ കൂടുതല്‍ ചെലവഴിച്ചത് കോട്ടയം എംപി തോമസ് ചാഴികാടനാണ്. 16.98 കോടി രൂപ ചിലവാക്കിയ അദ്ദേഹത്തിന്റെ ഫണ്ടില്‍ ഇനി ബാക്കിയുള്ളത് വെറും രണ്ടു ലക്ഷം രൂപ മാത്രം. ശശി തരൂര്‍ 16.96 കോടി രൂപ ചിലവാക്കി. അടൂര്‍ പ്രകാശ് 16.89 കോടി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 16.72 കോടി, കെ മുരളീധരന്‍ 16.25 കോടി, എഎം ആരിഫ് 16.24 കോടി, ആന്റോ ആന്റണി 16.15 കോടി, ബെന്നി ബെഹനാന്‍ 16.09 കോടി എന്നിങ്ങനെയാണ് ചിലവാക്കിയത്.
ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എം.പിമാരില്‍ കൊടിക്കുന്നില്‍ സുരേഷാണ് മുന്നില്‍-6.24 കോടി രൂപയാണ് കൊടിക്കുന്നില്‍ പാഴാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഫണ്ടില്‍ 1.25 കോടി രൂപയുണ്ട്. ഡീന്‍ കുര്യാക്കോസ്-4.44 കോടി, വി.കെ. ശ്രീകണ്ഠന്‍-3.19 കോടി, കെ.സുധാകരന്‍-2.70 കോടി, ഇ.ടി.മുഹമ്മദ് ബഷീര്‍-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എന്‍.കെ.പ്രേമചന്ദ്രന്‍-2.41 കോടി, ടി.എന്‍.പ്രതാപന്‍-2.04 കോടി, ഹൈബി ഈഡന്‍-1.80 കോടി, എം.പി.അബ്ദുള്‍സമദ് സമദാനി-1.55 കോടി, എം.കെ.രാഘവന്‍-1.43 കോടി എന്നിങ്ങനെയാണ് ചെലവഴിക്കാതെ പാഴാക്കിയത്.