CricketNewsSports

സഞ്ജുവിന് നിരാശ; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആളൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് ഉപയോഗ യോഗ്യമല്ലാത്തിനാല്‍ കേരളം – കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. മൂന്ന് നാല് ദിവസങ്ങളില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല.

പുലര്‍ച്ചെയും കനത്ത മഴയായിരുന്നു ആളൂരില്‍. രണ്ടാം ദിനം, അവസാന സെഷന്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കളി നിര്‍ത്തി വെക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരായിരുന്നു ക്രീസില്‍. ഗ്രൂപ്പ് സിയില്‍ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ശനിയാഴ്ച്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. മഴയെ തുടര്‍ന്ന് ഒന്നാം ദിനത്തെ മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ആദ്യദിനം 23 ഓവര്‍ മാത്രമാണ് എറിയാന്‍ മാത്രമാണ് സാധിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍സ് നേടാനും കേരളത്തിന് സാധിച്ചു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് രോഹന്‍ ആദ്യം മടങ്ങി.

88 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും പത്ത് ഫോറും നേടിയിരുന്നു. പിന്നാലെ വത്സലും കൂടാരം കയറി. തുടര്‍ന്ന് സച്ചിന്‍ – അപരാജിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. അപരാജിതിനും ക്രീസില്‍ പിടച്ചുനില്‍ക്കാനായില്ല. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. പിന്നാലെ സഞ്ജു ക്രീസിലേക്ക്. ബംഗ്ലാദേശിനെതിരെ നിര്‍ത്തിടത്ത് നിന്ന് തുടങ്ങുകയായിരുന്നു സഞ്ജു. സിക്‌സടിച്ചാണ് സഞ്ജു ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണാടയ്ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ  ഉള്‍പ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker