NationalNews

സ്റ്റാലിന്‌ പൂമാല; പ്രതിഷേധം ആളുന്നു; ആഞ്ഞടിച്ച് കന്നഡ കർഷക സംഘടനകൾ

ബെംഗളൂരു: കാവേരി പ്രശ്നത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കന്നഡ അനുകൂല, കർഷക സംഘടനകൾ നടത്തുന്ന ബെംഗളൂരു ബന്ദിൽ തമിഴ്നാട്ടിൽനിന്നുള്ള ബസുകൾ വ്യാപകമായി തടഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി ബസുകൾ കൃഷ്ണഗിരി ജില്ലയിലെ സുസുവാഡിയിൽ നിർത്തിയിട്ടിരിക്കുകയാണ്. ബസ് സർവീസ് മുടങ്ങിയത് ഐടി ജീവനക്കാരെ ഉൾപ്പെടെ ബാധിച്ചു. കേരളത്തിൽനിന്നുള്ള കെഎസ്ആർടിസി ബസുകൾ വൈകിട്ട് ആറുവരെ എല്ലാ സർവീസുകളും റദ്ദാക്കി.

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സർവീസ് മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചു. മെട്രോ സർവീസുകളും മുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ ഇന്നലെ രാത്രി തന്നെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 50 പേരെ കസ്റ്റഡിയിലെടുത്തു. കർണാടക സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ രാമനഗരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മുഖചിത്രത്തിൽ പൂമാല അർപ്പിച്ച് പ്രതിഷേധിച്ചു. 

ഇന്നു കൂടാതെ 29ന് കർണാടക ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് കാവേരി ജലം വീണ്ടും വിട്ടുകൊടുത്ത കർണാടക സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബന്ദിനുള്ള ആഹ്വാനം. കന്നഡ ചലുവലി വാട്ടാൽ പക്ഷയാണ് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനു പുറമേ ദേശീയ ഹൈവേകളിൽ ഉൾപ്പെടെ ഗതാഗതം സ്തംഭിപ്പിക്കുമെന്നും ചലുവലി നേതാവ് വാട്ടാൽ നാഗരാജ് വ്യക്തമാക്കി.

ഇന്നു നടക്കുന്ന ബെംഗളൂരു ബന്ദിന് ഓല, ഊബർ വെബ് ടാക്സി ഡ്രൈവർമാരുടെയും റസ്റ്ററന്റ് ഉടമകളുടെയും അസോസിയേഷനുകൾ നേരത്തേ നൽകിയ പിന്തുണ പിൻവലിച്ചു. 29ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിനെ പിന്തുണയ്ക്കാനായാണിത്. വിവിധ ട്രേഡ് യൂണിയനുകളും സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കർണാടക ആർടിസി, ബിഎംടിസി സർവീസുകൾക്കു പുറമേ സ്വകാര്യ ടാക്സി, ഓട്ടോ സർവീസുകളും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും പ്രവർത്തിക്കാനിടയില്ല. മിക്ക സ്വകാര്യ സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നമ്മ മെട്രോ പതിവ് പോലെ സർവീസ് നടത്തും. 

ഫ്രീഡം പാർക്കിൽ ഇന്നു വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനാ നേതാവും കാവേരി ജല സംരക്ഷണ സമിതി പ്രസിഡന്റുമായ കുറുബാര ശാന്തകമാർ പറഞ്ഞു. ബിജെപിയും ജനതാദൾ എസും ആംആദ്മി പാർട്ടിയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ തടയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.

കാവേരി അണക്കെട്ടുകളിലെ കരുതൽ ജലസ്ഥിതി പരിശോധിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കാൻ കേന്ദ്ര ജല മന്ത്രാലയത്തിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

ഇക്കുറി കാലവർഷം മോശമായതിനാൽ കാവേരിയിലെ 4 അണക്കെട്ടുകളിലും ജലം കുറവാണ്. കർണാടകയുടെ ജലസേചന, ശുദ്ധജല ആവശ്യങ്ങൾക്കായി 112 ടിഎംസി (ശതകോടി ഘനയടി ) ജലം ആവശ്യമായ സ്ഥാനത്ത് 51 ടിഎംസി ജലമാണ് നിലവിൽ അണക്കെട്ടുകളിലുള്ളത്. കർണാടകയും തമിഴ്നാടും തമ്മിലുള്ള ജലം പങ്കിടുന്നതിലുള്ള പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ദേവെഗൗഡ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker