27.6 C
Kottayam
Monday, April 29, 2024

കവളപ്പാറയിൽ മരിച്ചവർ അധികം വേദന അനുഭവിച്ചു കാണില്ലെന്ന് ഡോക്ടർമാർ, ആഘാതമേറ്റ് 15 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചിരിയ്ക്കാം

Must read

 

 

കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗ മരണത്തിന് സാധ്യതയെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ . അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

‘ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.

മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരാണു മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ. ലെജിത്ത് എന്നിവരാണു സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.

പല മൃതദേഹങ്ങളും ജീര്‍ണിച്ചതിനാലും എണ്ണം കൂടുതലായതിനാലും രാത്രി വൈകിയും പോസ്റ്റ്‌മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്.

നാട്ടുകാരും വോളണ്ടിയേഴ്‌സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സ്ഥലം നല്‍കിയതുവഴി ഈ പള്ളിക്കമ്മിറ്റിക്കാര്‍ വലിയ സന്ദേശമാണ് കാണിച്ചുതന്നത്. അതു കേരളത്തിനു മാതൃകയാണെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week