ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് കാരക്കാമല ഇടവക യോഗവും
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിശ്വാസ സമൂഹത്തെ അവഹേളിക്കുകയും രൂപതയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുകയുമാണെന്ന് കാരയ്ക്കാമല ഇടവക യോഗം. സിസ്റ്റര്‍ ലൂസി കളപ്പുര പള്ളി വികാരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാന്വേഷണത്തിലൂടെ കളവെന്ന് തെളിഞ്ഞതായും കാരയ്ക്കാമലയിലെ വിശ്വാസികള്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും വൈദികരേയും കന്യാസ്ത്രീകളെയും ലൂസി കളപ്പുര നിരന്തരം അവഹേളിക്കുന്നെന്നാണ് ഇടവക അംഗങ്ങളുടെ പരാതി. മെയ് 28ന് കാരയ്ക്കാമല പള്ളി മുറിയില്‍ അതിക്രമിച്ച് കയറിയ ലൂസി കളപ്പുര വികാരിയച്ഛനേയും മദര്‍ സുപ്പീരിയറിനേയും പള്ളിക്കകത്ത് പൂട്ടിയിടാനാണ് ശ്രമിച്ചത്. സഭയെ താറടിച്ച് കാണിക്കാന്‍ ലൂസി കളപ്പുര ബാഹ്യശക്തികളുടെ പിന്തുണയോടെ ഇടപെടുന്നെന്നാണ് ഇടവക പ്രതിനിധികള്‍ പറയുന്നത്.
അവിഹിത ആരോപണത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടവക പ്രതിനിധികള്‍ പരിശോധിച്ചെന്നും നുണ പ്രചാരണമാണ് ഇതേക്കുറിച്ച് ലൂസി കളപ്പുര നടത്തുന്നതെന്ന് ബോധ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. നേരത്തെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന് മാനന്തവാടി രൂപതയും വ്യക്തമാക്കിയിരുന്നു. കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദങ്ങള്‍.