KeralaNews

ആ മഹാന്‍ തന്നെയാണ് ഈ മഹാന്‍’; വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ജലീല്‍

തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.ടി ജലീൽ. 2013-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതിൽ അന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്റ്റിലിയും എഴുതിയ വിയോജന കുറിപ്പിന്റെ മലയാളം തർജ്ജമയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലെ ഉള്ളടക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അഭിസംബോധന ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്.

കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻജീ, ‘ആ മഹാനാണ് ഈ മഹാൻ’ ————————— അനുബന്ധം 12
ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടി രാജ്യസഭാ പ്രതിപക്ഷനേതാവ് അരുൺ ജയ്റ്റ്ലിയും ലോകസഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും 16-05-2013 ന് സമർപ്പിച്ച വിയോജനക്കുറിപ്പ്
……………………………………………………………..
കുറിപ്പ്
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ജുഡീഷ്യൽ അംഗമായി നിയമിക്കുവാൻ സർവീസിലുള്ളതോ വിരമിച്ചതോ ആയ സുപ്രീം കോടതി ജഡ്ജിമാരിൽ നിന്ന് മൂന്ന് പേരെ സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി, ജസ്റ്റിസ് വിഎസ് ശിർപുർകർ എന്നിവരെയാണ് നിർദേശിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമാകാൻ ഒട്ടും അനുയോജ്യനല്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അദ്ദേഹം സുപ്രീം കോടതിയിലും കേരളത്തിലെയും ഡൽഹിയിലെയും ഹെക്കോടതി കളിലും ജഡ്ജിയും കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസുമായിരുന്നു.
‘വിധിന്യായമെഴുതാത്ത ജഡ്ജി’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സുപ്രീം കോടതിയിലെ ഓരോ ജഡ്ജും നൂറുകണക്കിന് വിധിന്യായം തയ്യാറാക്കുന്ന സ്ഥാനത്ത് തന്റെ സേവന കാലയളവിനിടെ വെറും ആറ് വിധിന്യായം മാത്രമാണ് അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. ന്യായാധിപപദവിയിലിരിക്കെ, ചില രാഷ്ട്രീയ-മത സംഘടനകളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയതായും അറിയുന്നു.
കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ കുറ്റാരോപിതരെ നാർക്കോ അനാലിസിസിന് വിധേയരാക്കിക്കൊണ്ടിരുന്ന വേളയിൽ, സുപ്രീം കോടതി ജഡ്ജിയായിരുന്ന അദ്ദേഹം കർണാടകയിലെ ചില സ്ഥാപനങ്ങൾ സന്ദർശിച്ചത് മതസംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവത്തിന് തെളിവായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ ബാർ അസോസിയേഷൻ അംഗങ്ങൾ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. സർക്കാർ നാമനിർദേശം ചെയ്ത ജസ്റ്റിസ് സുദർശൻ റെഡ്ഢിയും ജസ്റ്റിസ് വിഎസ് ശ്രീപുർകറും ഞങ്ങളിൽ ചിലർ നിർദ്ദേശിച്ച ജസ്റ്റിസ് രവീന്ദ്രൻ, ജസ്റ്റിസ് എച്ച് എസ് ബേദി, ജസ്റ്റിസ് ദീപക് വർമ എന്നിവരും ഉൾപ്പെടെയുള്ള പ്രമുഖർ ഈ നിയമനത്തിന് യോഗ്യരായി ഉള്ളപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിക്കുന്നതിനോട് സ്വബോധ്യത്തോടെ യോജിക്കാൻ നിർവാഹമില്ലെന്ന് അറിയിക്കുന്നു.
അരുൺ ജെയ്റ്റ്ലി,
രാജ്യസഭാ പ്രതിപക്ഷനേതാവ്.
‘സത്യസന്ധതയും കാര്യക്ഷമതയും പൊതു ഔദ്യോഗികപദവിയിൽ സർവപ്രധാനമാണ്. നിർദിഷ്ട വ്യക്തിയ്ക്ക് ഇവ രണ്ടുമില്ല. അതിനാൽ ഞാൻ വിയോജിക്കുന്നു’.
സുഷമ സ്വരാജ്,
ലോകസഭാ പ്രതിപക്ഷ നേതാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker