KeralaNews

പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയും ചെയ്യും; ലോകായുക്തയെ പേര് പറയാതെ വിമര്‍ശിച്ച് ജലീല്‍

തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ പേര് പറയാതെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീല്‍ രംഗത്ത്. പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുന്നയാളാണ് ലോകായുക്തയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹാത്മാഗാന്ധിയുടെ കൈയില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കൈയില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്.

യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ തുറന്നടിച്ചു. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് പുതിയ കത്തി കണ്ടെത്തിയത്.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച മാന്യനെ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി ഇടത് സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം കേരളത്തില്‍ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ലെന്നും ജലീല്‍ പറഞ്ഞു.

2005 ജനുവരി 25ന് പുറത്തുവന്ന പ്രമാദമായ കേസിലെ വിധിയുടെ പകര്‍പ്പും 2004 നവംബര്‍ 14ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും. ‘ജാഗരൂഗരായ’ കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയംകൊണ്ടൊന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍’ എന്നല്ലേ പ്രമാണമെന്നും അതിനു താന്‍ നിമിത്തമായി എന്നും ജലീല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker