KeralaNews

സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ധൂർത്ത്, കേന്ദ്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സർക്കാരിൻ്റെ പിടിപ്പുകേടാണ്.

കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉൾപ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം  സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.

കൃത്യമായ നികുതി വിഹിതവും വായ്പയെടുക്കാൻ അർഹമായ  അനുവാദവും മറ്റെല്ലാ സഹായങ്ങളും  യഥാസമയം കേന്ദ്രം കേരളത്തിന് നൽകുന്നുണ്ട്. നികുതി വിഹിതവും കടമെടുപ്പ് അനുമതിയും  കഴിഞ്ഞ വർഷത്തെക്കാൾ ഏറെ കേന്ദ്രം നൽകി. ജൂൺ വരെ മാത്രം 14,957 കോടി രൂപ കേരളം കടമെടുത്തു. ഇതെല്ലാം  മറച്ചു വച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ   നാഴികയ്ക്ക് നാൽപ്പത് വട്ടം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് മലയാളികളെ പറ്റിക്കാനും ധനമന്ത്രിയുടെ മുഖം രക്ഷിക്കാനും വേണ്ടിയാണ്.
   
മേയ് മാസം വരെയുള്ള ജിഎസ്ടി വിഹിതം കേന്ദ്രം നൽകിയിട്ടുണ്ട്. തൊഴിലുറപ്പിനും നെല്ലു സംഭരണത്തിനുമെല്ലാം കേന്ദ്രം നൽകുന്ന തുക  വകമാറ്റി ചെലവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. നെല്ലിന് കിലോയ്ക്ക് കേന്ദ്രം നൽകുന്ന 20 രൂപ പോലും കർഷകർക്കു നൽകാതെ വകമാറ്റി ചെലവഴിച്ചു.

ഓണക്കാലമായിട്ടും കർഷകർക്ക് നെല്ലിൻ്റെ വില നൽകാതെ കബളിപ്പിക്കുകയാണ്. കേന്ദ്ര വിഹിതം കൈപ്പറ്റിയിട്ട് ഇപ്പോൾ 500 കോടി രൂപ വായ്പ എടുക്കാൻ നടക്കുന്നത് പ്രഹസനമാണ്. ഓണക്കാലത്തെ  ചെലവുകൾക്ക്  8,000 കോടി രൂപയോളം കണ്ടെത്തേണ്ടതിന് കേന്ദ്രത്തെ പഴിക്കേണ്ട കാര്യമില്ല.

വായ്പ പരിധി കേന്ദ്രം വെട്ടിക്കുറക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ ഡിസംബർ വരെ 20,000 കോടി രൂപ വായ്പ എടുക്കാനുള്ള  അനുവാദമുണ്ടെന്നത്  മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രവുമായി ചർച്ച ചെയ്തു പരിഹാരം തേടുന്നതിനു പകരം കേന്ദ്രത്തിനെതിരെ സമരവും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിക്കുന്നത് അൽപത്തരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker