KeralaNews

‘കടക്ക് പുറത്ത്’ മാധ്യമങ്ങളോട് കെ.സുധാകരന്‍ പിന്നാലെ തിരുത്ത്, കടക്ക് അകത്ത്‌!

കാസര്‍കോഡ്‌: കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനാല്‍ ഫോട്ടോ എടുത്ത ശേഷം മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്നും കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ നേതൃയോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കലെത്തിയപ്പോഴേക്കും സുധാകരന്‍ പറഞ്ഞത് തിരുത്തി. ആരും പോകേണ്ട. ഓഡിറ്റോറിയത്തിന് പുറത്തിരിക്കുന്നവര്‍ക്ക് കാണാനായി സ്‌ക്രീന്‍ വച്ചിട്ടുണ്ട്. നിങ്ങള്‍ പുറത്ത് പോയാല്‍ അതില്‍ കാണില്ലേ. അതിനാല്‍ ഇവിടെത്തെന്നെയിരുന്നോളൂ-സുധാകരന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം. ഉദ്ഘാടനച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം ഡി.സി.സി.യുടെ ക്ഷണമുണ്ടായിരുന്നു. ഉദ്ഘാടകനായ കെ. സുധാകരന്‍ പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷനേതാവും ഡി.സി.സി. പ്രസിഡന്റുമുള്‍പ്പെടെ വേദിയിലിരിക്കുന്ന നേതാക്കള്‍ പരസ്പരം നോക്കി.

ചാനലുകാര്‍ ക്യമാറകളെല്ലാം സജ്ജമാക്കി വച്ചിരിക്കുകയായിരുന്നു. പാര്‍ല്മെന്റ് തിരഞ്ഞെടുപ്പ് വരുന്നു. അതു കഴിഞ്ഞാല്‍ തദ്ദേശ ഭരണത്തിരഞ്ഞെടുപ്പ്. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇനി വിശ്രമമില്ലാത്ത നാളുകളാണ്. എന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നില്ല. കോണ്‍ഗ്രസുകാര്‍ തര്‍ക്കങ്ങളിലും അഭിപ്രായ വിത്യാസങ്ങളിലുമാണിപ്പോള്‍. ഇനിയെനിക്ക് പാര്‍ട്ടി പ്രവര്‍ത്തകരോട് മാത്രമായി കുറച്ച് പറയാനുണ്ട്. ഇത്രയും പറഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ സുധാകരന്‍ ആവശ്യപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകര്‍ പോകാനായി തുടര്‍സംസാരം നിര്‍ത്തി അദ്ദേഹം കാത്തുനില്‍ക്കുകയും ചെയ്തു. വേദിയില്‍ നിന്ന് ആരോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഓഡിറ്റോറിയത്തിന് പുറത്ത് വലിയ സ്‌ക്രീന്‍ വച്ച കാര്യം അദ്ദേഹം അറിയുന്നത്. അതോടെ ആരും പുറത്തു പോകേണ്ടെന്നും വിവാദമായേക്കാവുന്ന കാര്യങ്ങളൊന്നും ഇവിടെ പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ പ്രമേയം. കാസര്‍കോട് ഡി.സി.സി. നേതൃയോഗത്തില്‍ പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിച്ചാണ് പാര്‍ട്ടി കൃത്യമായ നിലപാട് അറിയിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുത്ത യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യാണ് പ്രമേയം അവതരിപ്പിച്ചത്.

സ്വതന്ത്ര പലസ്തീന്‍ എന്ന ആവശ്യം നടപ്പാക്കാന്‍ ഇതുവരെയും ഇസ്രയേല്‍ തയ്യാറാക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. ഇതാണ് ഹമാസ് പോലുള്ള പോരാളികളുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നത്. ലക്ഷക്കണക്കിന് മനുഷ്യല്‍ ഗാസയില്‍ മരിച്ചു ജീവിക്കുന്നു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു.

ഇവരടക്കം 195 രാജ്യങ്ങള്‍ പങ്കെടുത്ത ജനീവ കണ്‍വെന്‍ഷന്‍ മുന്നോട്ടുവച്ച മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടണം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ അന്നു മുതല്‍ പലസ്തീന്‍ വിമോചന സമരത്തെ പിന്‍താങ്ങിയിട്ടുണ്ട്. ഒരു രാഷ്ട്രത്തിലെ ജനങ്ങളെയും ഭാവി തലമുറയേയും ഉന്‍മൂലനം ചെയ്യുന്ന ഈ നരനായാട്ട് ഇസ്രയേല്‍ അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ ഇന്ത്യ നയതന്തപരമായി മുന്‍കൈയ്യെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker