KeralaNews

ജയിക്കുമായിരുന്ന സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റ്: കെ മുരളീധരന്‍

ന്യൂഡല്‍ഹി: ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്ന് കെ മുരളീധരന്‍. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല.

അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകും. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കിയുണ്ടല്ലോ. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാനില്ല എന്ന സൂചനയും മുരളീധരന്‍ നല്‍കി. വി ഡി സതീശന്‍ ഡല്‍ഹിയില്‍ വരുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞെങ്കില്‍ കാത്തിരുന്നേനെയെന്നും മുരളീധരന്‍ പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരത്തിന് പിന്നാലെ കെ മുരളീധരനായി പാലക്കാടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ വരണമെന്നാണ് ഫ്‌ലക്‌സിലെ ആവശ്യം. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലന്ന് ഫ്‌ലക്‌സില്‍ പറയുന്നു. വിക്ടോറിയ കോളേജ് പരിസരത്തും കലക്ട്രേറ്റിന് സമീപവുമാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കെപിസിസി – ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ജയിച്ച പശ്ചാത്തലത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളാനാകില്ലെന്ന് നിയുക്ത എം പി വികെ ശ്രീകണ്ഠന്റെ പ്രതികരിച്ചിരുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കരുത്തനും ഊര്‍ജ്ജസ്വലനുമായ സ്ഥാനാര്‍ത്ഥി വന്നാല്‍ പാലക്കാട് ജയിക്കുമെന്നും മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker