KeralaNews

‘കയ്യും കാലും വെട്ടി ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാൽ മതിയല്ലോ?എം.എം മണിക്കുനേരെ ഒളിയമ്പുമായി കെ.കെ.ശിവരാമന്‍

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എം.എം. മണിയടക്കമുള്ള സി.പി.എം. നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. ജില്ലയിലെ കയ്യേറ്റ മാഫിയയെ തളയ്ക്കണം, കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുമെന്ന് അദ്ദേഹം പരിഹസിച്ചു. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തുമെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.

‘ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കൊറേ സമയം എടുക്കുമല്ലോ’, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.കെ. ശിവരാമന്‍ ചോദിച്ചു.

‘ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ട് തുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് തടയിടാന്‍ കഴിയുന്നില്ല . 1000 കണക്കിന് ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം. തുണ്ട് തുണ്ടായി വില്‍ക്കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്ത് ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്നതാണ് ദൗത്യസംഘം. പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ജില്ലാ കളക്ടര്‍ക്ക് പുറമെ സബ് കളക്ടറും ആര്‍.ഡി.ഒയും ഉള്‍പ്പെട്ടതാണ് സംഘം. കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണം. വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മൂന്നാര്‍ ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലായിരുന്നു എം.എം. മണിയുടെ വിമര്‍ശനം. കാലങ്ങളായി കുടിയേറി കുടില്‍കെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടേയും മെക്കിട്ട് കേറാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തും. ടാറ്റയുടേയും ഹാരിസണ്‍ മലയാളത്തിന്റേയും കൈയേറ്റമാണ് പരിശോധിക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker