EntertainmentKeralaNews

‘മൂക്കിനുള്ളിലേക്ക് കയറിപ്പോയതിനാൽ വളരെ ബുദ്ധിമുട്ടി, ലാൽ സാറിന്റെ മകൻ എന്ന ചിന്തയാണ് ആദ്യം വന്നത്’; ജീത്തു!

കൊച്ചി:തിയേറ്ററുകളിലേക്ക് സംശയം തെല്ലുമില്ലാതെ കയറാൻ മലയാളികൾക്ക് ആത്മവിശ്വാസം നൽകുന്ന സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം സീരിസ് റിലീസിന് ശേഷം ത്രില്ലർ സിനിമകളെ കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം ജീത്തു ജോസഫിന്റെ പേര് എടുത്ത് പറയാൻ സിനിമാപ്രേമികൾ ശ്രമിക്കാറുണ്ട്.

ട്വൽത്ത് മാന്റെയും കൂമന്റെയും റിലീസിന് ശേഷം ഒരു ജീത്തു ജോസഫ് സിനിമ പോലും തിയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. റാം, നേര് എന്നിവയാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന രണ്ട് സിനിമകൾ. രണ്ടിലും മോഹൻലാലാണ് നായകൻ എന്നതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്.

നേര് ഒരു കോർട്ട് റൂം ‍ഡ്രാമയായിട്ടാണ് അണിയറയിൽ ഒരുങ്ങുന്നത്. റാം സിനിമയ്ക്ക് വേണ്ട കുറച്ച് കൂടി സീനുകൾ ഷൂട്ട് ചെയ്യാൻ ഉള്ളതിനാലാണ് ഇതിന്റെയും റിലീസ് വൈകുന്നത്. വിജയവും പരാജയവും ഒട്ടും ബാധിക്കാത്ത സംവിധായകൻ കൂടിയാണ് ജീത്തു ജോസഫ്. താൻ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ‌ ഹിറ്റായ സിനിമയായിട്ടാണ് ദൃശ്യത്തെ ജീത്തു ജോസഫ് പറയാറുള്ളത്.

ഇത്രത്തോളം ഹിറ്റാകുമെന്നും ഈ ലെവലിൽ പോകുമെന്നും അറിവുണ്ടായിരുന്നെങ്കിൽ കുടുംബം വിറ്റിട്ടെങ്കിലും താൻ ദൃശ്യം നിർമ്മിച്ചേനെ എന്നാണ് ജീത്തു ജോസഫ് തമാശ കലർത്തി പറയാറുള്ളത്. ഒട്ടനവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ള ചുരുക്കം ചില മലയാള സിനിമയിൽ ഒന്നുകൂടിയാണ് ദൃശ്യം. ഇന്നും ജീത്തു ജോസഫ് എന്ന് പറയുമ്പോൾ‌ ആദ്യം ഒപ്പം ചേർത്ത് വായിക്കുന്ന സിനിമ ദൃശ്യം സീരിസാണ്.

ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാശം സംവിധാനം ചെയ്തതും ജീത്തു ജോസഫായിരുന്നു. നടൻ കമൽഹാസനായിരുന്നു നായകൻ. ഇപ്പോഴിതാ അഭിമുഖത്തിൽ സിനിമയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവങ്ങൾ സംവിധായകൻ പങ്കുവെച്ചിരിക്കുകയാണ്.

മൂക്ക് വീർത്തതായി തോന്നിപ്പിക്കാൻ വെച്ചിരുന്ന റബ്ബർ കമൽഹാസന്റെ മൂക്കിനുള്ളിലേക്ക് കയറിപ്പോയെന്നും പിന്നെ ആശുപത്രിയിൽ കൊണ്ടുപോയാണ് റബ്ബർ പുറത്തെടുത്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. പാപനാശം സിനിമയുടെ മാത്രമല്ല മൈ ബോസ്, ആദി ഷൂട്ടിങ് സമയത്തുണ്ടായ മറക്കാനാവാത്ത അനുഭവങ്ങളും അഭിമുഖത്തിൽ ജീത്തു ജോസഫ് പങ്കുവെച്ചു.

‘മൈ ബോസിലെ ഒരു പാട്ടിൽ കെട്ടികിടക്കുന്ന പാടത്തെ വെള്ളത്തിൽ മംമ്ത ഫുട്ബോൾ കളിക്കുന്ന രം​ഗങ്ങളുണ്ട്. ആ രം​ഗങ്ങളുടെ ഷൂട്ട് കഴിഞ്ഞ് എല്ലാവരും പാക്കപ്പ് ജോലികൾ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അതിന് സമീപത്തായി ഒരു മൂർഖൻ കിടക്കുന്നതായി കണ്ടത്.’

jeethu joseph, kamal hassan, pranav mohanlal

‘കുറച്ച് അധികം നേരമായി ആ പാമ്പ് അവിടെ ഉണ്ടായിരുന്നു. എന്നാൽ ആരും കണ്ടുമില്ല ശ്രദ്ധിച്ചുമില്ല. ഇരവിഴുങ്ങികൊണ്ടിരിക്കുകയോ മറ്റോ ആയിരുന്നതുകൊണ്ട് ആർ‌ക്കും ഒന്നും സംഭവിച്ചില്ല. അതുപോലെ പാപനാശം ഷൂട്ട് നടക്കുമ്പോൾ ഇടി കിട്ടിയതിന് ഒറിജിനാലിറ്റി വരുത്താനായി കമൽസാ​ർ മൂക്കനുള്ളിൽ റബ്ബർ തിരുകി വെച്ചു.’

‘എന്നാൽ അത് അകത്തേക്ക് കയറിപ്പോയി. തൊടുപുഴയിലെ ഒരു ആശുപത്രിയിൽ കൊണ്ടുപോയി അവിടുത്തെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി വളരെ ബുദ്ധിമുട്ടിയാണ് റബ്ബർ പുറത്തെടുത്തത്. പിന്നീട് രണ്ടാമതും ഇത് തന്നെ സംഭവിച്ചു. പക്ഷെ ആശുപത്രിയിൽ പോകേണ്ടി വന്നില്ല കമൽ സാർ തന്നെ അത് പുറത്തെടുത്തു.’

‘ആദിയുടെ ഷൂട്ടിന്റെ സമയത്ത് ചില്ല് ചുറ്റികവെച്ച് പൊട്ടിച്ചപ്പോൾ പ്രണവിന്റെ കൈ മുറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ പെട്ടന്ന് പാനിക്കാകും. കുറച്ച് സമയത്തേക്ക് എനിക്ക് എന്ത് ചെയ്യണമെന്ന് മനസിലായില്ല. അപ്പോഴേക്കും യൂണിറ്റിലെ എല്ലാവരും ചേർന്ന് പ്രണവിനെ ആശുപത്രിയിൽ എത്തിച്ചു. എനിക്ക് ലാൽ സാറിന്റെ മകൻ എന്ന ചിന്തയാണ് ആദ്യം വന്നത്.’

‘പാനിക്ക് അവസ്ഥയിൽ നിന്നും മാറി ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ പ്രണവിന്റെ കയ്യിൽ സ്റ്റിച്ചൊക്കെ ഇട്ട് കഴിഞ്ഞിരുന്നുവെന്നാണ്’, ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker