‘ഏറ്റവും കൂടുതൽ വന്നത് ഐ ലവ് യു, എങ്ങനെയെങ്കിലും തടി വെക്കണം’ മീനാക്ഷി!
കൊച്ചി:നടിയും അവതാരികയുമൊക്കെയായ മീനാക്ഷി സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ്. 2014ൽ ബാലതാരമായി വൺ ബൈ ടു എന്ന സിനിമയിലൂടെ എത്തിയ മീനാക്ഷി അമർ അക്ബർ അന്തോണി, ജംമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശിഗദ, കോലുമിഠായി, അലമാര, പുഴയമ്മ, മോഹൻലാൽ, ക്യൂൻ, അമീറ തുടങ്ങിയ സിനിമകളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.
ടോപ് സിംഗർ എന്ന പരിപാടിയുടെ അവതാരകയായിട്ടാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മീനാക്ഷി സുപരിചിതയായത്. വർഷങ്ങളായി ടോപ് സിങറിന്റെ മുഖമാണ് മീനാക്ഷി. അടുത്തിടെയാണ് തന്റെ ആദ്യ യുട്യൂബ് ചാനൽ നഷ്ടപെട്ട കാര്യം താരം തുറന്ന് പറഞ്ഞത്.
തന്റെ പേരിലുണ്ടായിരുന്ന യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നാണ് താരം വെളിപ്പെടുത്തിയത്. ശേഷം അടുത്തിടെ മീനാക്ഷി യുട്യൂബില്‍ ഒരു പുതിയ ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് പഴയ യുട്യൂബ് ചാനല്‍ നഷ്ടമായതിന് പിന്നിലെ കാരണം മീനാക്ഷി കുടുംബസമേതമെത്തി തുറന്നു പറഞ്ഞതും.
ഇപ്പോൾ തുടരെ തുടരെ വിശേഷങ്ങൾ പുതിയ യുട്യൂബ് ചാനലിലൂടെ മീനാക്ഷി പങ്കിടുന്നുണ്ട്. അമ്പതിനായിരത്തിന് അടുത്ത് ഫോളോവേഴ്സിനെ താരം പുതിയ യുട്യൂബ് ചാനലിലൂടെ നേടി കഴിഞ്ഞു. ആദ്യത്തെ യുട്യൂബ് ചാനലിന് പ്ലെ ബട്ടൺ വരെ ലഭിച്ചിരുന്നുവെങ്കിലും ചാനൽ കൈകാര്യം ചെയ്ത ടീം അതൊന്നും മീനാക്ഷിക്ക് നൽകാൻ തയ്യാറായില്ല.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക്ക് മി എ ക്വസ്റ്റ്യന്‍ സെഷനിലൂടെ തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. തന്റെ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും ടോപ് സിങർ ഷോയുമായി ബന്ധപ്പെട്ട് വരെ ആരാധകർക്കുണ്ടായിരുന്ന സംശയങ്ങൾക്ക് മീനാക്ഷി ആസ്‌ക്ക് മി എ ക്വസ്റ്റ്യന്‍ സെഷനിലൂടെ മറുപടി നൽകി.
ആസ്‌ക്ക് മി എ ക്വസ്റ്റ്യന്‍ ഇട്ടപ്പോൾ തന്നെ തനിക്ക് ആദ്യം വന്നത് ഐ ലവ് യു, വിൽ യു മാരി മീ എന്നിങ്ങനെയുള്ളവയാണെന്ന് പറഞ്ഞാണ് വീഡിയോ മീനാക്ഷി ആരംഭിച്ചത്. സുന്ദരന്മാരും സുമുഖരുമായവരാണ് എല്ലാവരുമെന്നും താൻ പ്രൊഫൈൽ പരിശോധിച്ചിരുന്നുവെന്നും മീനാക്ഷി പറയുന്നു.
ഒരാൾ വിൽ യു മാരി മീ എന്ന് പലതവണ എഴുതി അയച്ചിട്ടുണ്ടെന്നും അതിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടായിരുന്നുവെന്നും മീനാക്ഷി പറയുന്നു. മീനാക്ഷിയുടെ രസകരമായ സംസാരം കേട്ട് അച്ഛൻ അനൂപും അമ്മയും അരികിൽ നിൽപ്പുണ്ടായിരുന്നു. ഇതൊന്നും കണ്ട് മോൾ ഇളകണ്ടെന്നാണ് അനൂപ് മകൾക്ക് നൽകിയ നിർദേശം.
തന്നെ ആര്‍ക്ക് വേണമെങ്കിലും ഇഷ്ടപ്പെടാമെന്നും അച്ഛനും അമ്മയ്ക്കും തനിക്കും അതില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാം തമാശയായി കാണണമെന്നും മീനാക്ഷി അനൂപ് പറഞ്ഞു. പുതിയ പ്രൊജക്ടുകൾ ഏതാണെന്ന ചോദ്യത്തിനും മീനാക്ഷി മറുപടി നൽകി. ‘ഞാനൊരു സിനിമയില്‍ അഭിനയിച്ച് വരികയാണ്. ഇന്ദ്രന്‍സ് അങ്കിളിനൊപ്പമുള്ള ഫോട്ടോ ഞാന്‍ പങ്കിട്ടിരുന്നു. പൊള്ളാച്ചിയിലായിരുന്നു സിനിമയുടെ ഷൂട്ട്.’
‘അതുകൂടാതെ വിജയ് യേശുദാസ് ചേട്ടനൊപ്പം ഒരു സിനിമ കൂടിയുണ്ട്. അതിന്റെ സംവിധായിക എന്റെ ക്ലാസ്‌മേറ്റാണ്. അവളുടെ അച്ഛന്റെ സിനിമയിലൂടെയാണ് ഞാന്‍ തുടക്കം കുറിച്ചതെന്നും’, മീനാക്ഷി പറഞ്ഞു. ടോപ് സിങർ സീസൺ ഫോറിലെ വിശേഷങ്ങളും താരം പങ്കിട്ടു. ‘സീസണ്‍ 4ല്‍ ഒരുപാട് മാറ്റങ്ങളുണ്ട്. കുറേ കുഞ്ഞിക്കുട്ടികളുണ്ട്. മൊത്തത്തില്‍ നല്ല രസമാണ്.’
‘ചിലരൊക്കെ വെയ്റ്റ് എത്രയാണെന്ന് ചോദിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ 42 കിലോയാണ്. തമിഴ്‌നാട് ഷൂട്ടിന് പോയപ്പോള്‍ അവിടെയുള്ള ഫുഡ് എനിക്ക് തീരെ പറ്റുന്നുണ്ടായിരുന്നില്ല. അവിടെ എല്ലാത്തിലും മല്ലിയില ഇടുന്നുണ്ടായിരുന്നു. അതെനിക്ക് തീരെ ഇഷ്ടമല്ല.’
‘അതുകഴിഞ്ഞ് ഒരു പനിയും കൂടി വന്നിരുന്നു. കുറച്ചൂടെ വണ്ണം വെക്കണമെന്ന് ആഗ്രഹമുണ്ട്. ചില ഉടുപ്പുകളൊക്കെ ഇടുമ്പോള്‍ എനിക്ക് തന്നെ എന്നെ കാണുമ്പോള്‍ ഒരു തൃപ്തിയില്ല. എങ്ങനെയെങ്കിലും കുറച്ച് തടി വെക്കണമെന്നുണ്ടെന്നും’, മീനാക്ഷി പറയുന്നു.