അര്‍ദ്ധരാത്രി വരെ കര്‍മ്മനിരതയായി ഓഫീസില്‍; പുലര്‍ച്ചെ മേയര്‍ക്ക് സുഖപ്രസവം!
ജയ്പൂര്‍: അര്‍ദ്ധരാത്രി വരെ ഓഫീസിലെ ജോലിത്തിരക്കുകളിലായിരുന്ന മേയര്‍ പുലര്‍ച്ചെ സുഖപ്രസവം. വിശ്രമം വേണ്ട സമയത്ത് പോലും കര്‍മ്മനിരതയായി തന്റെ ഔദ്യോഗിക ജോലികളില്‍ മുഴുകിയത് ജയ്പുര്‍ നഗര്‍ നിഗം (ഗ്രേറ്റര്‍) മേയര്‍ ഡോ.സോമ്യ ഗുജാര്‍ ആണ് പുലര്‍ച്ചെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
‘ജോലിയാണ് ആരാധന’എന്ന് വിശേഷിപ്പിച്ച് തന്റെ പ്രസവ വിവരവും മേയര്‍ തന്നെയാണ് പങ്കുവച്ചത്. ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റ് ഇതിനോടകം വൈറലാവുകയും ചെയ്തു. ബുധനാഴ്ച രാത്രി ഏറെ വൈകിയും ഓഫീസ് ജോലികളുടെ തിരക്കിലിരുന്ന സോമ്യ, വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ജോലികള്‍ പൂര്‍ത്തിയാക്കി രാത്രി പന്ത്രണ്ടരയോടെ ആശുപത്രിയില്‍ അഡ്മിറ്റായ ഇവര്‍ പുലര്‍ച്ചെ 5.14നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
‘ജോലിയാണ് ആരാധന. ഓഫീസില്‍ അര്‍ദ്ധരാത്രി വരെ ഒരു മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം പന്ത്രണ്ടരയോടെ കൊക്കൂണ്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ദൈവാനുഗ്രഹത്തില്‍ 5.14ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞും ഞാനും സുഖമായിരിക്കുന്നു’. പ്രസവവിവരം അറിയിച്ച് മേയര്‍ ട്വിറ്ററില്‍ കുറിച്ചു.