കളഞ്ഞു കിട്ടയ രണ്ടു ലക്ഷത്തോളം രൂപ ഉടമയെ തിരികെ ഏല്‍പ്പിച്ച് യുവാവ്; അഭിനന്ദന പ്രവാഹം

എഴുകോണ്‍: റോഡില്‍ കിടന്നു കിട്ടിയ തുക ഉടമസ്ഥനെ കണ്ടുപിടിച്ച് ഏല്‍പ്പിച്ച യുവാവിന് അഭിനന്ദന പ്രവാഹം. കളഞ്ഞു കിട്ടിയ 1.99 ലക്ഷം രൂപയാണ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് യുവാവ് മാതൃകയായത്. കടയ്ക്കോട് അനുമന്ദിരത്തില്‍ അനിക്കുട്ടന്‍ (28) ആണ് മാതൃകയായത്.

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ചീരങ്കാവിലെ പെട്രോള്‍ പമ്പിനു സമീപത്ത് റോഡരികില്‍ നിന്നാണ് അനിക്കുട്ടന് നോട്ടുകെട്ട് കിട്ടിയത്. പണം എണ്ണി നോക്കാന്‍ പോലും നില്‍ക്കാതെ യുവാവ് നേരെ എഴുകോണ്‍ പോലീസ് സ്റ്റേഷനിലെത്തി തുക കൈമാറി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഏറെ സമയത്തിന് ശേഷം സിവില്‍ കോണ്‍ട്രാക്ടര്‍ കുഴിയം ചെമ്മക്കാട് മിന്നാരത്തില്‍ എസ് ശിവപ്രസാദ് (48) തന്റെ പണം കളഞ്ഞുപോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഉടമയെ കണ്ടുകിട്ടിയത്.

കൊട്ടാരക്കര ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങവേയാണ് ശിവപ്രസാദിന്റെ കൈയ്യില്‍ നിന്നു പണം നഷ്ടപ്പെട്ടത്. ശിവപ്രസാദ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് പണം സ്റ്റേഷനില്‍ ഏല്‍പിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് വിവരം അറിയിച്ചത് അനുസരിച്ച് അനിക്കുട്ടന്‍ സ്റ്റേഷനിലെത്തി പണം ശിവപ്രസാദിന് നേരിട്ട് കൈമാറി. എസ്ഐ എംആര്‍ രാകേഷ്‌കുമാര്‍, അഡീഷനല്‍ എസ്ഐ അനില്‍കുമാര്‍, സിപിഒ വിഎസ് ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News