‘ആ ഒറ്റമുറിയിൽ നിന്നും മാറി സുരക്ഷിതത്വ ബോധത്തോടെ ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ’; ലക്ഷ്മിപ്രിയ
കൊച്ചി:ബിഗ് ബോസില്‍ എത്തുന്നതുവരെ പലർക്കും നടി ലക്ഷ്മിപ്രയയെക്കുറിച്ച് പൊതുവെ ഉണ്ടായിരുന്ന കാഴ്ച്ചപ്പാട് നിലപാടുള്ള വളരെ ബോള്‍ഡായ ഒരാള്‍ എന്നാണ്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ ഇതുവരെ കണ്ട ലക്ഷ്മിപ്രിയയെ അല്ല പ്രേക്ഷകര്‍ കണ്ടത്. വളരെ ലോല മനസുള്ള ഇതുവരെ പരിചിതമല്ലാത്ത ആളായാണ് താരം എത്തിയത്.
പക്ഷെ ബിഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. തന്റേതായ നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വീടിനകത്ത് ലക്ഷ്മിക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയർന്ന ഒളിയമ്പുകളെ തരണം ചെയ്ത് ബിഗ് ബോസ് സീസൺ നാലിലെ ഫൈനൽ സിക്സിൽ എത്തുകയും ചെയ്തിരുന്നു ലക്ഷ്മി പ്രിയ. ഒറ്റയ്ക്ക് നിന്ന് വളരെ ശക്തയായി മത്സരിച്ചിരുന്നു ലക്ഷ്മിപ്രിയ.
പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിത ഇരുപതാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ച് താരം എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. സുരക്ഷിതത്വ ബോധത്തോടെ തന്റെ ജീവിതം തുടങ്ങിയിട്ട് 20 വർഷങ്ങൾ പിന്നിടുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ‘സുരക്ഷിതത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാൻ നയിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു.’
‘വിവാഹമാണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും അതേയെന്ന്. അല്ലെങ്കിൽ വളരെ സ്ട്രോങ്ങായ അച്ഛനോ ആങ്ങളയോ ഉണ്ടാവണം. അത് ഒപ്പം ചേർന്ന് നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാൽ ഏറ്റവും നല്ലത്. സംരക്ഷണവും സ്നേഹവും ഉണ്ടാവണം.’
‘രണ്ട് വയസിൽ മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞ എനിക്ക് എല്ലാം റ്റാറ്റായും അപ്പച്ചിയും വാപ്പുമ്മയുമായിരുന്നു. ഞാൻ പത്തിൽ എത്തിയപ്പോൾ അപ്പച്ചിയും പതിനൊന്നിലായപ്പോൾ വാപ്പുമ്മയും മരിച്ചു. ഒരുപാട് കടബാധ്യതകൾ മൂലം റ്റാറ്റായ്ക്ക് എങ്ങോട്ടോ മാറി നിൽക്കേണ്ടി വന്നു.
‘പതിനാറുകാരിയായ എന്റെ ജീവിതം ഒരു നാടക ക്യാമ്പിലേക്ക് പറിച്ച് നടപ്പെട്ടു. നമ്മൾ സിനിമയിലൊക്കെ കാണുമ്പോലെ വലിയ വലിയ കർട്ടൻ കെട്ടുകളും രാജാവിന്റെ വാളും കിരീടവും നിറച്ചുവെച്ച ഇരുട്ട് നിറഞ്ഞ ഒരു കുടുസ് മുറി.’
‘കാറ്റ് കടക്കാൻ ഒരു ജനൽ പോലുമില്ല. ഒരു പഴയ കഷ്ടിച്ച് ഒരാൾക്ക് കിടക്കാവുന്ന ഒരു കട്ടിൽ. എന്റേതായി പദ്മരാജനും മാധവിക്കുട്ടിയുമടങ്ങിയ പുസ്തക ശേഖരം മാത്രം. 220 രൂപ ശമ്പളം. അതിൽ 200 രൂപയും ഞാൻ ചിട്ടിയ്ക്ക് കൊടുക്കും.’
‘മിച്ചമുള്ള 20 രൂപയിൽ പരമാവധി ചിലവാക്കാതെ വെയ്ക്കും. നാടകമില്ലാത്തപ്പോൾ സ്കൂളിൽ പോകും. ഉത്സവകാലങ്ങളിൽ പരീക്ഷക്കാലവുമാണ്. നാടക വണ്ടി സ്കൂളിന് വെളിയിൽ കാത്ത് കിടക്കും. ഒരിക്കൽ അച്ഛനെ (പട്ടണക്കാട് പുരുഷോത്തമൻ) കാണാൻ വന്ന ചേട്ടന് അച്ഛനെ കാണാൻ കഴിഞ്ഞില്ല. വന്ന വിവരം എന്നോട് പറഞ്ഞേൽപ്പിച്ചുപോകാമെന്ന് കരുതി ഉറങ്ങുന്ന എന്നെ തട്ടി വിളിച്ചു.’
‘വാതിൽ ഒരു പാളി മാത്രം തുറന്ന് മുറിക്കുള്ളിലെ കാഴ്ചകൾ അദ്ദേഹം കാണാതിരിക്കാൻ ഞാൻ മറഞ്ഞ് നിന്ന് സംസാരിച്ചു. ആ വർത്താനത്തിന്റെ ഇടയിൽ അദ്ദേഹം എത്തി എത്തി നോക്കി ആ മുറിക്കകം കണ്ടു. എന്താ ഇത് ഒരു ഫാൻ പോലുമില്ലാതെ താൻ എങ്ങനെ ഇവിടെ കിടക്കുന്നു? എന്ന് ചോദിച്ചു.’
‘ഞാൻ ചമ്മി എന്തോ പറഞ്ഞു……… ആ ഒറ്റമുറിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് ലക്ഷ്മി പ്രിയ.. നിങ്ങൾ കാണുന്ന ലക്ഷ്മി പ്രിയ. പിണക്കങ്ങളും ഇണക്കങ്ങളുമുണ്ട്. ഇനി ഒരുമിച്ച ജീവിക്കില്ലെന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷെ അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല.’
‘ഞാനില്ലെങ്കിൽ അദ്ദേഹവും. ഈശ്വരൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുവാൻ നിങ്ങളുടെ പ്രാർത്ഥന വേണം. ഹാപ്പി ആനിവേഴ്സറി ജയേഷേട്ടാ…’ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്.